പള്ളിക്കൽ: പള്ളിക്കലിൽ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകനുമായി പോലീസ് തെളിവെടുപ്പ് നടത്തി. പള്ളിക്കൽ കലവിപച്ച സ്വദേശി ഗണേശൻ എന്ന് വിളിക്കുന്ന വിനോദ് (34) ആണ് പിതാവ് ഷണ്മുഖൻ (66) നെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ പിടിയിലായത്. ഷണ്മുഖത്തിന്റെ മരണത്തിൽ സംശയം തോന്നിയ നാട്ടുകാരുടെ പരാതിയെ തുടർന്ന് പള്ളിക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. ഇക്കഴിഞ്ഞ 26 ന് രാവിലെയാണ് ഷണ്മുഖത്തിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷണ്മുഖത്തിനെ മർദിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് തെളിവെടുപ്പിൽ കണ്ടെത്തി. സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് നാട്ടുകാർക്ക് സംശയം തോന്നി പോലീസിൽ വിവരം അറിയിച്ചിരുന്നു.
പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഷണ്മുഖത്തിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവ ദിവസം രാത്രിയിൽ വിനോദ് അവിടെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു.
കൊലപാതകത്തിന് ശേഷം വിനോദ് കാസർഗോട്ടേക്ക് കടക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നാടു വിട്ട് കാസർകോട് താമസിക്കുകയായിരുന്ന വിനോദ് ഈ അടുത്ത കാലത്ത് അവിടെ നിന്നും കേസുകളിൽ പ്രതിയായതിനെ തുടർന്ന് പള്ളിക്കലിലേക്ക് താമസം മാറിയിരുന്നു. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ തലയ്ക്കടിച്ചും മർദിച്ചും പ്രതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ വിനോദ് സമ്മതിച്ചു.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിൽ കിടത്തിയ ശേഷമാണ് വിനോദ് രക്ഷപ്പെട്ടത്. സ്വാഭാവിക മരണമായി നാട്ടുകാർ മൃതദേഹം ദഹിപ്പിക്കാൻ തയാറെടുക്കവെ ചോരപ്പാടുകൾ കണ്ടതോടെയാണ് പോലീസിൽ വിവരം അറിയിച്ചത്.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം രാത്രിയിൽ ഇയാൾ കാസർഗോട്ടേക്ക് കടക്കുകയായിരുന്നു. കിളിമാനൂർ സിഐ വി.എസ് പ്രദീപ്കുമാർ, പള്ളിക്കൽ എസ്ഐ ശ്രീജേഷ്, എഎസ്ഐ ഉദയകുമാർ, സിപിഒമാരായ ജിസി ബാഹുലേയൻ, ഷാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസർകോട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ കാസർഗോട്ട് മോഷണം, ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.