തൃശൂർ: തുറിച്ചു നോക്കിയതിനെ ചൊല്ലി ശക്തൻസ്റ്റാൻഡിനടുത്തുണ്ടായ കൊലപാതകത്തിലെ പ്രതി വെളിയന്നൂർ അന്തിക്കാടൻ വീട്ടിൽ വിവേകി(22)നെ വെളിയന്നൂരിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ശക്തൻ സ്റ്റാൻഡിൽ ചുമട്ടു തൊഴിലാളിയായ വിവേക് തുറിച്ചുനോട്ടം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് മുന്പ് സുഹൃത്തു കൂടിയായിരുന്ന പെരുന്പിള്ളിശേരി ആലുക്കൽ വീട്ടിൽ ബിനോയിയെ (24) കുത്തിയത്.
ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. കുത്തേറ്റ ബിനോയ് ഇന്നലെ ഉച്ചയോടെ മരിച്ചു. വെളിയന്നൂരിൽ പഴക്കടയിൽ നിൽക്കുകയായിരുന്ന വിവേക് ബിനോയിയെ തുറിച്ചു നോക്കിയതാണ് പ്രശ്നമായത്. മരിച്ച ബിനോയിയുടെ പേരിലും നിരവധി ക്രിമിനൽ കേസുകളുണ്ട്. പ്രതി വിവേകിനെതിരെ തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം 13 കേസുകളാണുള്ളത്.
കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമകളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. മുന്പ് പോലീസിന് നേരെയും പ്രതിയായ വിവേക് അക്രമത്തിന് മുതിർന്നിട്ടുണ്ട്. തോക്ക് ചൂണ്ടി ഒരിക്കൽ രക്ഷപെടുകയും ചെയ്തിരുന്നു. പിന്നീടാണ് അത് കളിത്തോക്കായിരുന്നുവെന്ന പോലീസിന് ബോധ്യമായത്. ഏഴു മാസങ്ങൾക്കു മുന്പ് വലിയാലുക്കലിൽ വച്ചായിരുന്നു സംഭവം. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യൂണിയന്റെ അംഗമായ ചുമട്ടുതൊഴിലാളിയാണ് വിവേക്.
ഇന്നു രാവിലെയാണ് വിവേകിനെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീട്ടിൽ കൊണ്ടുവന്ന പ്രതി പോകാൻ നേരം അമ്മയോടെ പോയി വരട്ടെയെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എസിപി രാജുവിന്റെ നേതൃത്വത്തിൽ ഈസ്റ്റ് സിഐ പി.സി.ബിജുകുമാർ, എസ്ഐമാരായ ജോസഫ്, മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.