ബംഗുളൂരു: കർണാടകയിൽ ഭർത്താവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കിയ യുവതി അറസ്റ്റിൽ. ബെലഗാവിയിലെ ചിക്കോടി താലൂക്കിലെ ഉമറാണി ഗ്രാമത്തിലാണ് സംഭവം.
ശ്രീമന്ത ഇറ്റ്നാലി(40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സാവിത്രി പിടിയിലായി. യുവതി ആദ്യം ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് കല്ലുകൊണ്ട് മുഖം തകർക്കുകയും ചെയ്തു. പിന്നീട് ശരീരം രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ദൂരെ കൊണ്ടുപോയി ഉപേക്ഷിച്ചു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് കേസ് അന്വേഷിച്ചു വരികയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ എസ്പി പറഞ്ഞു. സാവിത്രിയെ ആദ്യം ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീടാണ് ഇവർ കൃത്യം ചെയ്തതായി സമ്മതിച്ചത്.
മദ്യപാനിയായ ഇയാൾ പണത്തിനായി ഭാര്യയെ പലപ്പോഴും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം സാവിത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയെ ചൊല്ലി ഇയാൾ വഴക്കിട്ടിരുന്നു. ഇതിൽ മനംമടുത്താണ് സാവിത്രി കൊല ചെയ്തത്.