ചങ്ങനാശേരി: കഞ്ചാവ് വില്പന വിവരം പോലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേരെക്കൂടി തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. നാലുകോടി കാലായിപ്പടി ചാലുവേലിൽ ആരോമൽ (28), തൃക്കൊടിത്താനം കൈലാത്തുപടി സ്വദേശി ഹരിപ്രസാദ് (28), തൃക്കെടിത്താനം പുലിക്കോട്ടുപടി സ്വദേശി എബി (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കഞ്ചാവ് വില്പനയുമായി ബന്ധമുള്ളതായി പോലീസ് പറഞ്ഞു.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതി കൂടത്തേട്ട് ബിനു(38)വിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ആരോമലിനൊപ്പം കഞ്ചാവ് വില്പന നടത്തിയിരുന്ന തൃക്കൊടിത്താനം സ്വദേശി രാഹുലും (27) പിടിയിലായിട്ടുണ്ട്.
ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അഅറസ്റ്റുചെയ്തത്.