വടകര: വര്‍ഷങ്ങളായി വേറിട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പോലീസിന്റെ കസ്റ്റഡിയിലുള്ളത്. വേറിട്ടു കഴിയുന്ന ഇയാളുടെ ഭാര്യ പുതുപ്പണം കോട്ടക്കടവില്‍ കടുങ്ങോന്റവിട ഷീജയെ തീകൊളുത്തി കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നു പറയുന്നു.
ഇന്നു രാവിലെ ആറിന് പെട്രോള്‍, മണ്ണെണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടില്‍ അതിക്രമിച്ച് കയറിയെ ഇയാള്‍ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്. മുളക്പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.
പിടിവലിക്കിടയില്‍ തീകൊളുത്താന്‍ വൈകിയതും ബഹളം കേട്ട് ഷീജയും സഹോദരന് ഷാജിയും എത്തിയതിനാലും ശ്രമം വിജയിച്ചില്ല. പിടിവലിക്കിടയില്‍ ഷാജിക്കും അമ്മ രമക്കും പരിക്കേറ്റു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി അനില്‍കുമാറിനെ കീഴ്പ്പെടുത്തി പോലീസിനു കൈമാറി.
പരിക്കേറ്റ ഷാജിയും രമയും ആശുപത്രിയില്‍ ചികിത്സ തേടി. ഷീജയും അനില്‍കുമാറും വര്‍ഷങ്ങളായി വേറിട്ടുകഴിയുകയാണ്. ബന്ധം വേര്‍പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുണ്ട്. ഒരു മകളുണ്ട്.