തിരുവനന്തപുരം: അഭിഭാഷകനെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനും കൂട്ടാളികളും അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ജ്യോതികുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശങ്കർ, ജ്യോതീന്ദ്രൻ, രതീഷ്, മോഹൻ സതി, ജോജി, അനിൽ എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മൂന്നിന് രാത്രി 10.30 ന് ഒരു സംഘം ജ്യോതികുമാറിനെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും വാഹനവും മൊബൈൽ ഫോണും കവർന്നശേഷം ആര്യൻകാവ് ചെക്ക് പോസ്റ്റിനടുത്ത് കൊക്കയിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.
ജ്യോതികുമാറിന്റെ വസ്തുവകകൾ കൈവശപ്പെടുത്തുന്നതിനായി അനുജൻ ജ്യോതീന്ദ്രനാഥാണ് കരകുളം സ്വദേശിയായ ശങ്കറിന് 20 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം മൂന്നിന് രാത്രി പത്തരയോടെ അഭിഭാഷകനായ ജ്യോതികുമാറിന്റെ വഞ്ചിയൂരിലുള്ള ഓഫീസിൽ അതിക്രമിച്ചുകയറി ആക്രമിച്ച് കാറിൽ തട്ടി കൊണ്ടു പോയി ആര്യങ്കാവുള്ള കൊക്കയിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
വഞ്ചിയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഇളങ്കോയുടെ മേൽനോട്ടത്തിൽ വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ എസ്.ആർ. നിസാം, സബ് ഇൻസ്പെക്ടർമാരായ സുവർണകുമാർ, സഫീർ, എസ്സിപിഒ രാജേഷ്, സിപിഒ സജാദ് ഖാൻ, രഞ്ജിത്,രാജേഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.