ശ്രീകണ്ഠപുരം: യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചന്ദനക്കാംപാറ സ്വദേശിക്കെതിരേ വധശ്രമത്തിന് കേസ്. ബൈക്ക് ഓടിച്ച ആഷിഷ് ദാസിനെതിരേയാണ് പയ്യാവൂർ പോലീസ് കേസെടുത്തത്. സംഭവത്തിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ ഇയാൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎൽ 31 എഫ് 483 ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചന്ദനക്കാംപാറയിലെ കാരക്കാട്ട് അനീഷി (35) ന് നേരെയാണ് അക്രമമുണ്ടായത്. ചന്ദനക്കാംപാറ മാവുന്തോട് റോഡരികിൽ സുഹൃത്തിന്റെ കാറിൽ ചാരി നിൽക്കുകയായിരുന്ന അനീഷിനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ചന്ദനക്കാംപാറ മേഖലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപന വ്യാപകമായതിനെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് 46 പേർ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനു മുൾപ്പെടെ നൽകിയിരുന്നു. ഇതിൽ ഒപ്പിട്ടവരുടെ വീടുകളിൽ കഞ്ചാവ് മാഫിയ സംഘമെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
പരാതിയിൽ ഒപ്പിട്ടതിന് അനീഷിനെയും ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതിന്റെ തുടർച്ചയായാണ് അനീഷിനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെതെന്നാണ് പരാതിയിൽ പറയുന്നത്. പയ്യാവൂർ എസ്ഐ ജോൺസൺ ജെ. സഖറിയാസിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.