കരമന: കുപ്രസിദ്ധ ഗുണ്ട പുഞ്ചിരി വിനോദിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഒാട്ടോറിക്ഷ കൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ കരമന പോലീസ് അറസ്റ്റ് ചെയ്തു. കരമന തളിയൽ സ്വദേശികളായ രാഹുൽ (കുട്ടൻ, 29), അരുണ്‍ ( തൊപ്പി അരുണ്‍, 29), നെടുങ്കാട് സ്വദേശി വിഷ്ണു (തൈബു,29) എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.
തളിയൽ പന്പ് ഹൗസിനു സമീപത്ത് സുഹൃത്തിനോടൊപ്പം ബൈക്കിൽ വരികയായിരുന്ന വിനോദിനെ എതിർസംഘത്തിൽപ്പെട്ട പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ വിനോദിനെ ബൈക്കിൽ നിന്നും തള്ളിയിട്ട് ശരീരത്തിലൂടെ ഒാട്ടോറിക്ഷ കയറ്റിയിറക്കിയും ബിയർ കുപ്പി കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു.
തുടർന്ന് ഒാ ട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രതികളെ കരമന പാലത്തിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ രാഹുലും വിഷ്ണുവും കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണെന്നും ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ നിന്നും പുറത്തിറങ്ങിയ ആളാണ് ആക്രമണത്തിൽ പരിക്കേറ്റ പുഞ്ചിരി വിനോദെന്ന് പോലീസ് പറഞ്ഞു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ കരമന പോലീസ് ഇൻസ്പെക്ടർ പി.ഷാജിമോൻ, സബ് ഇൻസ്പെക്ടർമാരായ സാഗർ, ശിവകുമാർ, എഎസ്ഐ അശോക് കുമാർ, സിപിഒ മാരായ സജികുമാർ, പ്രിയൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.