മണര്‍കാട്: വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂര്‍ ഇടയക്കുന്നം കരിക്കത്തറ കെ.വി. ഷാജു (57) ആണ് അറസ്റ്റിലായത്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ബുധനാഴ്ച ഉച്ചയ്ക്ക് വടവാതൂരില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലായിരുന്നു സംഭവം.
വിധവയായ വീട്ടമ്മയുമായി കുറച്ചുകാലം ഇയാൾ ഒരുമിച്ചു താമസിച്ചിരുന്നു. ആ സമയത്ത് ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടമ്മ നൽകിയ പരാതിയിൽ ഇയാള്‍ ജയിലിലാവുകയും ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീട്ടമ്മ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റാണെന്നറിഞ്ഞ് ഇവിടെയെത്തി കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടര്‍ന്ന് മണര്‍കാട് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.