പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി ഇവരുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം.
ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇത് സംബന്ധിച്ച് അരുണിന് അറിവുണ്ടോ എന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. അരുണിന്റെ സുഹൃത്താണ് പ്രതി അനുഷ.
പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹയ്ക്കു നേരയാണ് വധശ്രമമുണ്ടായത്. നഴ്സിന്റെ വേഷത്തില്‍ വാര്‍ഡില്‍ എത്തിയ അനുഷ ഒരു ഇഞ്ചക്ഷന് കൂടിയുണ്ടെന്ന് പറഞ്ഞു.
പ്രസവശേഷം ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകുവാന്‍ ഒരുങ്ങിയ അവസരത്തിലാണ് ഇഞ്ചക്ഷന് എടുക്കുവാനായി ഇവര്‍ എത്തിയത്. ഓക്സിജന്‍ കുത്തിവച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.
അനുഷയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സ്നേഹയും സഹായികളും ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരും സെക്യൂരിറ്റിയും എത്തി ഇവരെ തടഞ്ഞ് വച്ച് പോലീസില്‍ ഏല്പിക്കുകയായിരുന്നു.