പയ്യന്നൂര്: മഴ നനയാതിരിക്കാനായി പെട്ടിപ്പീടികയില് കയറിയ ആളെ സര്ജിക്കല് ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്പ്പിച്ച സംഭവത്തില് വധശ്രമമുള്പ്പെടെയുള്ള വകുപ്പുകളില് പോലീസ് കേസെടുത്തു. രാമന്തളി എട്ടിക്കുളം അമ്പലപ്പാറയിലെ കെ.എ. മുഹമ്മദ്കുഞ്ഞിയുടെ പരാതിയിലാണ് തളിപ്പറമ്പ് സ്വദേശിയും എട്ടിക്കുളത്തെ താമസക്കാരനുമായ മജീദിനെതിരേ കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലേമുക്കാലോടെ എട്ടിക്കുളം ബീച്ചിലാണ് പരാതിക്കാസ്പദമായ സംഭവം. പെട്ടെന്നുള്ള മഴ വന്നപ്പോള് നനയാതിരിക്കാനായി ബീച്ചിലുള്ള മജീദിന്റെ പെട്ടിപ്പീടികയില് പരാതിക്കാരന് കയറിയതാണ് സംഭവത്തിന് കാരണമായത്. പീടികക്കാരനായ മജീദിന് ഇതിഷ്ടമാകാത്തതിനാല് ചോദ്യം ചെയ്തു.
ഇതോടെ ഇരുവരും തമ്മില് വാക്കേറ്റമായി. ഇതിനിടയില് അശ്ലീലഭാഷയില് ചീത്ത വിളിച്ച് മുഖത്തടിച്ചശേഷം കൊല്ലുമെന്ന ഭീഷണിയോടെ സര്ജിക്കല് ബ്ലേഡ്കൊണ്ട് മുഹമ്മദ്കുഞ്ഞിയുടെ കഴുത്തിനും മുഖത്തും മാരകമായി മുറിവേല്പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
കണ്ണൂര് ഗവ.മെഡിക്കല് കോളജിലെ അടിയന്തര ചികിത്സക്ക് വിധേയമാക്കിയ പരാതിക്കാരന് മുപ്പത്തിമൂന്നോളം സ്റ്റിച്ചുകളിടേണ്ടിവന്നു. ചികിത്സയില് കഴിയുന്ന പരാതിക്കാരനില്നിന്നു മൊഴിയെടുത്തശേഷമാണ് വധശ്രമമുള്പ്പെടെയുള്ള വകുപ്പുകളില് പോലീസ് പ്രതിക്കെതിരേ കേസെടുത്തത്. ഈ സംഭവത്തോടെ മൊബൈല്ഫോണ് ഓഫാക്കി മുങ്ങിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.