തിരുവനന്തപുരം: സുഹൃത്തിന്റെ സഹായത്താൽ രോഗിയായ പിതാവിനെ വധിക്കാൻ 15കാരനായ മകന്റെ ശ്രമം. പോലീസ് പിടിക്കുമെന്ന് അറിഞ്ഞപ്പോൾ സുഹൃത്തിനെ രക്ഷപെടുത്തിയ ശേഷം മകൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു. ഞായറാഴ്ച രാവിലെ പോത്തൻകോട് ആണ് സംഭവം. സംഭവ സമയം മാതാവ് ജോലിക്ക് പോയിരുന്നു.
മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തുന്നതിന് മകനെ പിതാവ് വഴക്ക് പറയുകയും വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിതാവിനെ അപായപ്പെടുത്താൻ സുഹൃത്തുമായി മകൻ വീട്ടിലെത്തി.
ഈ സമയം പിതാവ് ഉറങ്ങുകയായിരുന്നു. മുറിയിലെത്തിയ ഇവർ മുളക് പൊടി കലക്കിയെ വെള്ളം പിതാവിന്റെ മുഖത്ത് ഒഴിച്ചതിന് ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.
ഇതിനിടയിൽ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി. പോലീസ് വരുന്നതു കണ്ട് മകൻ ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് പോലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു.