ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആറ്റിങ്ങൽ രേണുക അപ്പാർട്ട്മെന്റിൽ ഇന്നലെ രാത്രിയാണ് സംഭവം.
ആറ്റിങ്ങൽ കരിച്ചിയിൽ തെങ്ങുവിളാകത്ത് വീട്ടിൽ നിന്നും ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റി ൽ താമസിച്ചിരുന്ന ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൻ അനിൽ രാത്രി പതിനൊന്നോടുകൂടി അപ്പാർട്ട്മെന്റിൽ എത്തി ഭാര്യ മാതാവിനെയും ഭാര്യാപിതാവിനെയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സംഭവം നടക്കുമ്പോൾ ബാബുവും പ്രീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ബാബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ നാല് മാസമായി അനിലും ഭാര്യയും തമ്മിൽ വിവാഹ മോചനക്കേസ് നടക്കുന്നതായും അനിലിനെ ഭയന്ന് ഭാര്യ രണ്ടു കുട്ടികളുമായി പള്ളിപ്പുറത്തുള്ള ഫ്ലാറ്റിലാണ് താമസിച്ചു വരുന്നതെന്നുമാണ് വിവരം. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പ്രതി പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന.