കൊച്ചി: കുന്പളത്ത് പ്ലാസ്റ്റിക് വീപ്പയിൽ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സംഘം മുംബൈയിൽ. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാജൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണു മുംബൈയിൽ എത്തിയിട്ടുള്ളതെന്നു അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് സിഐ സിബി ടോം വ്യക്തമാക്കി.
സമീപ സംസ്ഥാനങ്ങളിൽനിന്നു കാണാതായതും ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയതുമായ യുവതികളെ സംബന്ധിച്ചുള്ള അന്വേഷണമാണു പോലീസ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണു പോലീസ് സംഘം മുംബൈയിൽ എത്തിയിട്ടുള്ളത്.
ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തിയവരുടെ വിശദാംശങ്ങൾ മുംബൈയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് ശേഖരിക്കുമെന്നും ഇതിന്റെ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്ന് അസ്ഥികൂടം ലഭിച്ചത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി.
ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ പോലീസ് ആറുപേരെ കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ചുപേരും ജീവിച്ചിരിക്കുന്നവരാണ്. ഇവരെ തിരിച്ചറിയുകയും ചെയ്തു.
എന്നാൽ ആറാമത്തെയാളായ ഉദയംപേരൂർ നിവാസിയായ സ്ത്രീയെ കണ്ടെത്താനായിരുന്നില്ല. വർഷങ്ങൾക്കു മുൻപ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞശേഷം ഇവർ മുംബൈക്കു പോകുന്നുവെന്നു പറഞ്ഞതായും പിന്നീട് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നുമാണു ബന്ധുക്കൾ പോലീസിനു നൽകിയിരിക്കുന്ന മൊഴി. മുംബൈ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരുന്ന പോലീസ് സംഘം ഇവരെ സംബന്ധിച്ചും വിവരങ്ങൾ തേടുമെന്നാണു സൂചനകൾ. കണ്ടെത്തിയ അസ്ഥകൂടം ഇവരുടേതല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.