ചങ്ങനാശേരി: പായിപ്പാട്ട് വ്യാപാരിയെ കുത്തിപരിക്കേൽപ്പിച്ച് പണം അടങ്ങിയ ബാഗ് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. പായിപ്പാട് മത്സ്യമാർക്കറ്റിലെ ജീവനക്കാരൻ സുഫിജുൾ ഹക്ക് (19) ആണ് അറസ്റ്റിലായത്. പായിപ്പാട് ജംഗ്ഷനിൽ സെഞ്ചുറി മൊബൈൽസ് വ്യാപരസ്ഥാപനം നടത്തുന്ന ആഞ്ഞിലിത്താനം സ്വദേശി ബാബു വർഗീസ് (66)നാണ് കുത്തേറ്റത്.
ഇന്നലെ രാത്രി ഒന്പതിന് ബാബു കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്പോഴാണ് പ്രതി സാബുവിനെ കുത്തിയശേഷം കവർച്ചാ ശ്രമം നടത്തിയത്. മൂന്നുലക്ഷം രൂപ അടങ്ങിയ ബാഗ് ബാബു വിട്ടുകൊടുത്തില്ല. പ്രതിയുടെ പിടിയിൽനിന്ന് രക്ഷപെട്ട ബാബു ചെങ്ങന്നൂരുള്ള ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് തൃക്കൊടിത്താനം പോലീസിൽ വിവരം അറിയിച്ചു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ പുലർച്ചെ മൂന്നിന് പ്രതിയെ പായിപ്പാട് മത്സ്യമാർക്കറ്റിൽവച്ച് പിടികൂടുകയായിരുന്നു.
സംഭവം നടന്ന സ്ഥലത്തെ വ്യാപസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി എം. രാമചന്ദ്രന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, സിഐ കെ.പി. വിനോദ്, തൃക്കൊടിത്താനം എസ്ഐ പി.കെ. സോമൻ, എഎസ്ഐ മധു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സംഭവത്തിന് ഏതാനും മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തത്.
മീൻ വ്യാപാര സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന കത്തികൊണ്ടാണ് പ്രതി വ്യാപാരിയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഒരു തവണ പ്രതി ഇതേ വ്യാപാരിയെ കവർച്ച ചെയ്യാൻ ശ്രമം നടത്തിയിരുന്നതായും ഇയാൾ പോലീസിന് മൊഴി നൽകി. പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. വൈകുന്നേരം പ്രതിയെ കോടതിയിൽ ഹാജരാക്കും.