പെരുന്പാവൂർ: ഭർത്താവ് ഭാര്യയേയും ഒന്നര വയസുകാരിയായ മകളേയും കത്തിക്ക് വെട്ടിയും കുത്തിയും ക്രൂരമായി പരിക്കേൽപിച്ചു. ഇരുവരുടേയും നില ഗുരുതരമാണ്. പെരുന്പാവൂർ ഇരിങ്ങോൾ കാവിനു സമീപം കനാൽ ബണ്ടിൽ താമസിക്കുന്ന ഈയംകുഴി ബിനുവാണ് ഭാര്യ അജിതയേയും മകൾ ഒന്നര വയസുകാരി ശിവനന്ദിനിയേയും കുത്തിയത്.
നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായ ബിനു മുംബൈയിലേക്കുള്ള ഒരാഴ്ചത്തെ ഓട്ടം കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് വീട്ടിൽ തിരിച്ചെത്തിയത്. മദ്യപിച്ചെത്തുന്ന ദിവസം സംശയത്തിന്റെ പേരിൽ ബിനു ഭാര്യയെ തല്ലുന്നത് പതിവായിരുന്നെന്ന് സമീപവാസികൾ പറയുന്നു.
അജിതയുടെ വയറിലും പുറത്തുമാണ് കുത്തേറ്റത്. കുട്ടിയുടെ കഴുത്ത്, കവിൾ, കൈ തുടങ്ങിയ ഇടങ്ങളിലാണ് വെട്ടേറ്റത്. വലതുചെവിക്ക് മുകളിലായി ആഴത്തിലുള്ള മുറിവുണ്ടെന്നും നാട്ടുകാർ പറഞ്ഞു.