പയ്യന്നൂര്‍: ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ ചൂരക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ട്രഷററും സിപിഎം രാമന്തളി ലോക്കല്‍ കമ്മിറ്റിയംഗവുമായ കുന്നത്തെരുവിലെ ടി.പി.അനൂപാണ് (34) അറസ്റ്റിലായത്.
ഇന്നലെ രാത്രി പതിനൊന്നോടെ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിൽ വച്ചാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കോയമ്പത്തൂരിലെത്തിയ ഇയാള്‍ അവിടെ നിന്നും ബസിലുള്ള മടക്കയാത്രയില്‍ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ പിടിയിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കക്കമ്പാറയിലെ നടുവിലെ പുരയില്‍ റിനീഷ് (28), പരത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26), കുന്നരുവിലെ പാനത്താന് വീട്ടില്‍ സത്യന് (33), കക്കമ്പാറയിലെ വടക്കുമ്പത്ത് ജിതിന് (31) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതോടെ ബിജുവധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.വിദേശത്തേക്ക് കടന്നയാളുള്പ്പെടെ പിടികിട്ടാനുള്ള രണ്ടുപേരെക്കൂടി പിടികൂടാനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 12ന് വൈകുന്നേരം 3.45ഓടെയാണ് സുഹൃത്തായ പണ്ടാരവളപ്പില്‍ രാജേഷിന്റെ കൂടെ പഴയങ്ങാടിയില്‍ നിന്നും വീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടയില്‍ ഇന്നോവ കാറില്‍ പിന്തുടര്ന്നെത്തിയ അക്രമികള്‍ പാലക്കോട് പാലത്തിന് സമീപം വച്ച് ബിജുവിനെ വെട്ടിക്കൊന്നത്.