തിരുവനന്തപുരം: ശ്രീവരാഹത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ശ്രീവരാഹം മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കനിയമ്മ (45) ആണ് മരിച്ചത്. ഭർത്താവ് മാരിയപ്പനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. ആക്രി കച്ചവടം നടത്തി വരികയായിരുന്ന മാരിയപ്പൻ തമിഴ്നാട് തൂത്തുക്കുടി സ്വദേശിയാണ്. ഏറെ നാളായി ശ്രീവരാഹത്ത് താമസിച്ച് വരികയായിരുന്നു. കൊലപാതകത്തിന് ശേഷം മാരിയപ്പൻ ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇയാളെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.