കോട്ടയം: കീഴുക്കുന്ന് ഭാഗത്ത് ഇന്നലെ അർധരാത്രിയിൽ സംഘർഷത്തെ തുടർന്ന് രണ്ടു പേർക്ക് കത്തിക്കുത്തേറ്റ സംഭവത്തിൽ പ്രതിയ്ക്കായുള്ള അന്വേഷണം പോലീസ് ഉൗർജിതമാക്കി. പ്രതിയെ തിരിച്ചറിഞ്ഞതായി ഈസ്റ്റ് പോലീസ് അറിയിച്ചു. കീഴുക്കുന്ന് ഒളിയാന്പള്ളിയിൽ സൈമണിന്റെ മകൻ ജെറി (23), മുള്ളംകുഴി കുന്നേൽ ജോസഫിന്റെ മകൻ അലക്സ് (26) എന്നിവർക്കാണ് കുത്തേറ്റത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കീഴക്കുന്നു ഭാഗത്തെ വീട്ടിൽ വിവാഹസൽകാരം നടക്കുന്നതിനിടെ മദ്യപാനത്തെചൊല്ലി വാക്ക് തർക്കമുണ്ടായി. തുടർന്ന് തർക്കത്തിലേർപ്പെട്ടയാളെ ജെറിയും അലക്സും ചേർന്ന് വിവാഹസൽകാരം നടക്കുന്ന സ്ഥലത്തു നിന്നും ഇറക്കി വിട്ടു.
ഇതു ചോദ്യം ചെയ്യാനെത്തിയ കോട്ടയം എആർ ക്യാന്പിനു സമീപം താമസിക്കുന്ന യുവാവ് ഇരുവരെയും കുത്തുകയായിരുന്നു. തുടർന്നു യുവാവ് ഓടിരക്ഷപ്പെട്ടു. കുത്തേറ്റ ജെറിയെയും അലക്സിനെയും ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരും അപകടനിലതരണം ചെയ്തതായി പോലീസ് അറിയിച്ചു.