നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന് ജയില് ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലില് അന്വേഷണം വേണമെന്ന് വിചാരണ കോടതിയില് ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച്.
ഇതിനായി ശ്രീലേഖയുടെ മൊഴിയെടുക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല് ശ്രീലേഖയുടെ വെളിപ്പെടുത്തിലന്റെ പ്രാധാന്യമെന്താണ് എന്ന് കോടതി തിരികെ ചോദിച്ചു.
കേസില് അന്വേഷണ പുരോഗതി ഹൈക്കോടതിയെയും അറിയിച്ച ക്രൈംബ്രാഞ്ച് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യങ്ങളില് വ്യക്തത വരുത്താന് ചോദ്യം ചെയ്യല് അനിവാര്യമാണെന്നും കോടതിയില് വ്യക്തമാക്കി.
കേസില് നിര്ണായക തെളിവായ മെമ്മറി കാര്ഡിന്റ ഹാഷ് വാല്യു മാറിയെന്ന് കണ്ടെത്തിയതിനാല് തുടരന്വേഷണത്തിന് മൂന്നാഴ്ച സമയം വിചാരണകോടതിയില് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
മെമ്മറികാര്ഡിന്റെ ക്ളോണ്ഡ് കോപ്പി, മിറര് ഇമേജ് എന്നിവ വിചാരണകോടതിയില് മുദ്രവച്ച കവറില് സമര്പ്പിക്കാന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
അതേസമയം കേസില് സമയപരിധി നീട്ടിനല്കണം എന്ന ഹര്ജി കോടതി തിങ്കളാഴ്ച പരിഗണിക്കാന് മാറ്റി. കേസില് തുടരന്വേഷണത്തില് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കാന് തയ്യാറാണെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ശ്രീലേഖയ്ക്കെതിരായ പരാതിയില് തൃശൂര് റൂറല് പോലീസ് പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസ് വിചാരണ കോടതി ഇനി നാളെയാണ് പരിഗണിക്കുക.