കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം തയ്യാറാക്കുന്നത് അവസാനഘട്ടത്തിൽ എത്തിനിൽക്കേ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്പിക്ക് സ്ഥലമാറ്റം. കേസിന്റെ അന്വേഷണ ചുമതയുണ്ടായിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനനെയാണു സ്ഥലം മാറ്റിയത്. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സോളാർ കേസ് അന്വേഷിച്ചിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഇതേ തുടർന്നാണ് നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാനിയും ക്രൈംബ്രാഞ്ച് എസ്പിയുമായ സുദർശനെയും മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. ഉത്തരവ് ലഭിച്ചെന്നും ഉടൻ ചാർജ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചെങ്കിലും നടിയെ ആക്രമിച്ച കേസിൽ സുദർശൻ തുടരണമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
കണ്ണൂർ തളിപ്പറന്പ് ഡിവൈഎസ്പി ആയിരിക്കെ കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത സോളാർ കേസിൽ സുദർശനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഡിജിപി എ. ഹേമചന്ദ്രനും മൂന്ന് എസ്പിമാരും അടക്കം ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് സർക്കാർ നടപടിയെടുത്ത്.
ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തോടെ നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിക്കുന്നത് നീളുമോയെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, കേസിൽ ദിലീപിനെതിരായ തെളിവുകളെല്ലാം നേരത്തെ ശേഖരിച്ചുകഴിഞ്ഞതായും അത് കുറ്റപത്രത്തിൽ ചേർക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.