യുവാവിനെ കൊന്നുകത്തിച്ച ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റില്‍. ഷഹദാരയില്‍ ഗാന്ധിനഗറിലായിരുന്നു സംഭവം. ക്ഷേത്രപൂജാരി ലഖനും (30) ഭാര്യയുമാണ് അറസ്റ്റിലായത്. മധുര സ്വദേശി ചന്ദ്രശേഖര്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ക്ഷേത്രത്തിലെ സ്റ്റോര്‍റൂമില്‍ എത്തിച്ചാണ് കത്തിച്ചത്. സ്റ്റോറൂമില്‍ ഒരാള്‍ കുടുങ്ങിയതായി ആരോപിച്ച് ലഖന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് മുറിതുറന്ന് പരിശോധിച്ചപ്പോള്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ദുര്‍ഗന്ധംവമിച്ചു തുടങ്ങിയിരുന്നു. ക്ഷേത്രത്തിലെ മുറിക്കുള്ളില്‍ അതിക്രമിച്ചു കയറിയതിനുള്ള തെളിവൊന്നും കണ്ടെത്താനാവാതെ പോലീസ് പൂജാരിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്.
ലഖന്റെ ഭാര്യയും ശേഖറും തമ്മില്‍ അവിഹിത ബന്ധം നിലനിന്നിരുന്നു. ഇത് ലഖന്‍ അറിയുകയും ശേഖരുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവര്‍ ഇത് ചെവിക്കൊണ്ടില്ല. ഇതോടെയാണ് കൊലപാതകത്തിന് പൂജാരി തയാറായത്. ഭാര്യ മുഖേന ശേഖറിനെ ഡല്‍ഹിയിലേക്ക് ലഖന്‍ വിളിച്ചുവരുത്തി. ഇയാളെ ക്ഷേത്രത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിക്കുകയും ഉറക്കഗുളിക നല്‍കുകയും ചെയ്തു. അബോധാവസ്ഥയിലായ ശേഖറിനെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു.