ജയ്പുർ: വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ 25 കാരനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
റാവത്ത് മജ്ര ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (നീം ക താന സർക്കിൾ) അനുജ് ദാൽ പറഞ്ഞു. മുകേഷ് കുമാർ മീണ എന്നയാളെ ഒരു സംഘം മർദിച്ചുവെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.
പോലീസ് എത്തിയപ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. ബൻസൂർ സ്വദേശിയാണ് മീണ. മരിച്ചയാളുടെ സഹോദരിയുടെ പരാതിയിൽ ആറ് പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തതായി ഡിഎസ്പി ദാൽ പറഞ്ഞു.
നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘത്തിന്റെ ആക്രമണം മൂലമാണ് മീണ മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂവെന്നും ദാൽ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.