മാവേലിക്കര: നൂറനാട് പുലിമേല്‍ കാഞ്ഞിരവിള ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അയല്‍വാസി പുലിമേല്‍ തുണ്ടില്‍ ശ്യാംസുന്ദറിനെ (30) ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലെ പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായി.
2020 മാര്‍ച്ച് 14ന് രാവിലെ 9.45 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ശ്യാംസുന്ദര്‍ ഭാസ്കരനെ മൃഗീയമായി കൊന്നത്. തടസപ്പെടുത്തല്‍ പതിവാക്കിയപ്പോള്‍ ഭാസ്കരന് ഇതിനെ ചോദ്യം ചെയ്തു. കൊലപാതകത്തിന്റെ തലേന്നും വഴിതടസപ്പെടുത്തുന്നത് ആവര്‍ത്തിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാസ്കരന് ശ്യാംസുന്ദറിനോട് പറഞ്ഞു. പിറ്റേന്നായിരുന്നു ഭാസ്കരന് കൊല്ലപ്പെട്ടത്.
അറുപതു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭാസ്കരന്റെ ഭാര്യ ശാന്തയും മരുമകള്‍ ജയപ്രഭയും അടക്കം 23 സാക്ഷികളെ പ്രോസിക്യൂഷന് ഹാജരാക്കി. ഏഴു തൊണ്ടിമുതലുകളും 39 രേഖകളും കോടതിയിലെത്തിച്ചു. പ്രതിക്ക് മാനസികരോഗമുണ്ടെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയപ്പോള്‍ സംഭവത്തിന് കുറച്ചുനാള്‍ മുമ്പു വരെ ഒരു ഇരുചക്ര വാഹന ഷോറൂമില്‍ പ്രതി ജോലി ചെയ്തിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തതെന്ന് പ്രോസിക്യൂഷന് പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റ് അടക്കം അഞ്ചു പേര് പ്രതിഭാഗ സാക്ഷികളായി.
പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. അതിക്രമിച്ചു കടക്കല്‍ (447), അന്യായമായി തടഞ്ഞുവയ്ക്കല്‍ (341), അസഭ്യം പറയല്‍ (294ബി), ദേഹോപദ്രവം ഏല്‍പ്പിക്കല്‍ (324), വധശ്രമം (307), കൊലപാതകം (302) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 447 പ്രകാരം മൂന്നുമാസം തടവും അഞ്ഞൂറു രൂപ പിഴയും.
പിഴത്തുക അടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവ്. 341 പ്രകാരം ഒരുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവ്. 307 പ്രകാരം ഏഴു വര്‍ഷം തടവും 50,000 രൂപ പിഴയും.
പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ്. 302 പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം പിഴയും.
പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്. പിഴത്തുകയില്‍ ഒന്നരലക്ഷം രൂപ ഭാസ്കരന്റെ ഭാര്യ ശാന്തമ്മയ്ക്കു നല്‍കണം. വിധി കേള്‍ക്കാന്‍ ഭാസ്കരന്റെ ഭാര്യ ശാന്തമ്മയും മകള്‍ ഗീതാകുമാരിയും കോടതിയില്‍ എത്തിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി സന്തോഷ്കുമാറും മുന്‍ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി സന്തോഷും ഹാജരായി.