കോഴിക്കോട്: കൊലപാതകകേസുകളിലെ അന്വേഷണം കാര്യക്ഷമമാക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി. കൊലപാതകകേസുകളുടെ സ്വഭാവം, രൂപശാസ്ത്രം, അനുവര്‍ത്തിച്ച രീതി, എന്നിവ അനുസരിച്ചുള്ള പരിശോധന പട്ടിക ഉള്‍പ്പെടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ക്രൈംബ്രാഞ്ചിലെ ഇന്‍സ്പെക്ടര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
എന്നാല്‍ ഈ പരിശോധനപട്ടികയില് മാത്രം അന്വേഷണം പരിമിതപ്പെടുത്താതെ തങ്ങളുടെ ബുദ്ധിയും വിവേകവും കൂടി പ്രയോഗിക്കണമെന്ന നിര്‍ദേശം കുടി ഡിജിപി പങ്കുവയ്ക്കുന്നു.
പ്രോസിക്യൂഷന് ഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടമുള്പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതോടൊപ്പം തന്നെ ബലാല്‍സംഗ കേസുകള്‍, പോക്സോ കേസുകള്‍ , എന്‍ഡിപിഎസ് , ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി സമാനമായ രീതിയില്‍ പട്ടിക തയ്യാറാക്കി അയക്കുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.
ക്യത്യമായ പ്ലാനിങ്ങോടുകൂടി അന്വേഷണം നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംഭവം നടന്നതായി വിവരം ലഭിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പായി പോലീസ് എടുത്ത എല്ലാ നടപടികളും ജനറല്‍ ഡയറിയിലും ആദ്യ സിഡിയിലും രേഖപ്പെടുത്തണമെന്നാണ് പട്ടികയിലെ ആദ്യ നിര്‍ദേശം. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന രീതിയിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എഫ്ഐആര്‍ കാലതാമസം കൂടാതെ രേഖപ്പെടുത്തണം.ആവശ്യമായിടത്തെല്ലാം മരണമൊഴിരേഖപ്പെടുത്തണം.പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ കൂടി സ്റ്റേറ്റ്മെന്റുകളില് രേഖപ്പെുടുത്തണം.ഇന്‍വെസ്റ്റിഗേഷന്‍ കിറ്റിലെ ഉപകരണങ്ങളുടെ അവസ്ഥ നല്ലതാണോ അല്ലയോ എന്ന് ഉറപ്പുവരുത്തണ തുടങ്ങി പ്രാഥമിക ഘട്ടത്തില്‍ പോലീസ് എടുക്കേണ്ട നടപടികള്‍ 13 നിര്‍ദേശങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതോടൊപ്പം തുടര്‍ന്ന് അന്വേഷണഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍, മനസ്സില്‍ സൂക്ഷിക്കേണ്ട മറ്റ് വിവരങ്ങള്‍ , എന്നിങ്ങനെ വേര്‍തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കുറ്റവാളികളെ തിരിച്ചറിയാത്ത കേസുകളിലെ അന്വേഷണം എങ്ങിനെയാകണമെന്നും മരിച്ചയാളെ തിരിച്ചറിയാത്ത അവസ്ഥയില്‍ അന്വേഷണരീതി എങ്ങിനെയാകണമെന്ന് വിശദമാക്കുന്നു.
ഇതോടൊപ്പം ബ്രെയിന്‍മാപ്പിംഗ്, പോളിഗ്രാഫ് ടെസ്റ്റ് , ഡിഎന്‍എ, നാര്ക്കോഅനാലിസിസിസ് തുടങ്ങി എട്ട് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഒപ്പം അന്വേഷണസംഘത്തിന് സ്വീകരിക്കാമെന്നും പട്ടികയില്‍ നിര്‍ദേശിക്കുന്നു.