ഇടുക്കി: തമിഴ്നാട് പോലീസില്‍നിന്നു വിരമിച്ച റിട്ട. എസ്ഐയെ മറയൂരില്‍ വെട്ടിക്കൊ ലപ്പെടുത്തിയ കേസിൽ പ്രതി പിടിയില്‍. കോട്ടക്കുളം ഇന്ദിരാഭവനത്തില്‍ പി. ലക്ഷ്മണന് (66) ആണ് ഇന്നലെ വൈകുന്നേരം ഏഴോടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ലക്ഷ്മണിന്റെ സഹോദരിയുടെ മകന് അരുണ്‍ (23) ആണ് പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ ഇന്നു രാവിലെയാണ് മറയൂര്‍ പോലീസ് പിടികൂടിയത്.
ലക്ഷ്മണിന്റെ വീടിന്റെ മുന്‍ ഭാഗത്തുള്ള മറയൂര്‍ -കാന്തല്ലൂര്‍ റോഡിലാണ് കൊലപാതകം നടന്നത്. കാന്തല്ലൂരില്നിന്നാണ് ഇന്നലെ വൈകുന്നേരം അരുണ്‍ ഇവിടെയെത്തിയത്. ഇരുവരും റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പെട്ടെന്ന് അരുണ്‍ കാറിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ലക്ഷ്മണനെ വെട്ടുകയായിരുന്നു.
ഉടന്‍ തന്നെ സമീപവാസികളും മകനും ചേര്‍ന്ന് ലക്ഷ്മണനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമത്തിനു ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതി മറയൂര്‍ ഗവ. ഹൈസ്കൂളിന്റെ പിന്‍ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
തൃശൂര്‍ ആസ്ഥാനമായ ഓണ്‍ലൈന്‍ സ്ഥാപനത്തിലെ റെപ്രസെന്റേറ്റീവ് ആയിരുന്ന അരുണിന്റെ ഫോണ്‍ ലക്ഷ്മണന് വാങ്ങി വച്ചിരുന്നു. നിരവധി തവണ ഫോണ്‍ ചോദിച്ചെങ്കിലും തിരികെ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നല്കുന്ന സൂചന.
കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം കോട്ടക്കുളത്ത് കട നടത്തി വരികയായിരുന്നു ലക്ഷ്മണന്. ഇന്ദിരയാണ് ലക്ഷ്മണന്റെ ഭാര്യ. മക്കള്‍: രാജീവ്, രാധ.