മങ്കൊമ്പ്: ചോദിച്ച പണം നൽകാതിരുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ചെറുമകൻ തള്ളിവീഴ്ത്തിയ വയോധിക മരിച്ചു. കേസിലെ പ്രതി പോലീസ് പിടിയിൽ.പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാർഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയിൽ ജനാർദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. ഇവരുടെ മകൻ ഷിബുവിന്റെ മകനായ ജിത്തു(24) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സംഭവത്തെപ്പറ്റി പോലീസും നാട്ടുകാരും പറയുന്നതിങ്ങനെ: നേരത്തെ പുളിങ്കുന്ന് സ്റ്റേഷനിൽ രണ്ടു കഞ്ചാവ് കേസുകളിൽ പ്രതിയായ ജിത്തു സംഭവദിവസം വൈകുന്നേരം സരോജിനിയോട് പണം ആവശ്യപ്പെട്ടു.
ഇവർ പണം നൽകാതിരുന്നതോടെ ജിത്തു വീട്ടിൽ വഴക്കാരംഭിച്ചു. ശല്യം സഹിക്കാതെ സരോജിനി വീടിനു മുൻവശത്തെ വഴിയിലേക്കിറങ്ങി. ഇവിടെയെത്തിയ പ്രതി വഴക്കിനിടെ വയോധികയെ പിടിച്ചുതള്ളി.
പിന്നിലേക്കു വീണ സരോജിനി വിഴിയരികിൽ കൂട്ടിയിട്ടിരുന്ന ക്വാറി മാലിന്യത്തിലേക്കാണ് തലയിടിച്ചുവീണത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പുളിങ്കുന്നു പോലീസും നാട്ടുകാരും ചേർന്നു ഗുരുതര പരിക്കേറ്റ ഇവരെ പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രി ഏഴോടെ കോട്ടയം കോടിമതയിൽനിന്നു പിടികൂടുകയായിരുന്നു. സരോജിനിയുടെ സംസ്കാരം നടത്തി. ബിജു, ഷീബ എന്നിവരാണ് സരോജിനിയുടെ മറ്റു മക്കൾ. മരുമക്കൾ: ദീപ, സീമ, മുരളി.