ധാക്ക: കൊലക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ഷക്കീബ് അൽ ഹസനെ ക്രിക്കറ്റിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വക്കീൽ നോട്ടീസ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് വക്കീൽ നോട്ടീസയച്ചത്.
നിലവിൽ പാക്കിസ്ഥാൻ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിനൊപ്പമാണ് ഷക്കീബ്. ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിനിടെ തയ്യൽ തൊഴിലാളിയെ കൊലപ്പെടുത്തി എന്ന കേസിലാണ് ഷക്കീബ് ഉൾപ്പെടെ 154 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ 28-ാം പ്രതിയാണ് താരം. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടൻ ഫെർദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്. ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം.