നെടുമങ്ങാട്: ഭാര്യാമാതാവിനെ വെട്ടിക്കൊല്ലുകയും ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തശേഷം ഗൃഹനാഥൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു.
അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി ഷഫീറാ ബീവി (67)യെയാണ് മരുമകനായ അലി അക്ബർ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയായ മുംതാസിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു.
ഇന്ന് പുലർച്ചെ നാലിന് അരുവിക്കരയിലാണ് ആരും കൊല നടന്നത്. മാതാവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ച മുംതാസിനെയും ഭർത്താവ് അലി അക്ബർ വെട്ടി.
സംഭവത്തിനുശേഷം മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച അലി അക്ബറിനെ പൊള്ളലേറ്റ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ മുംതാസും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.അലി അക്ബർ സ്വയം തീകൊളുത്തിയതിനെത്തുടർന്ന് വീടിനു തീപിടിച്ചതാണെന്ന് കരുതി ഓടിക്കൂടിയ നാട്ടുകാരാണ് എല്ലാവരേയും ആശുപത്രിയിലാക്കിയത്.
കുടുംബ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്ന് അരുവിക്കര സി ഐ ഷിബുകുമാർ പറഞ്ഞു. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അരുവിക്കര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.അലി അക്ബർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് മുംതാസ്. രണ്ട് മക്കളുണ്ട്.