കൈപ്പറമ്പ് (തൃശൂർ): തോളൂർ പഞ്ചായത്തിലെ എടക്കളത്തൂരിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. പുളിഞ്ചേരി കൊട്ടിലിക്കൽ വീട്ടിൽ ചന്ദ്രമതിയമ്മ (67) ആണ് മരിച്ചത്.
സംഭവത്തിൽ മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സന്തോഷ് ഭാര്യയുമായി അകന്നാണ് കഴിയുന്നത്.
എടക്കളത്തൂരിൽ വാടകവീട്ടിൽ വിധവയായ ചന്ദ്രമതിയമ്മയും മകൻ സന്തോഷും മാത്രമാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തിയ സന്തോഷ് കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.
നാലുതവണ ചന്ദ്രമതിയെ വെട്ടിയശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിൽ വിളിച്ചറിയിച്ചത്.ഉടൻ സ്ഥലത്തെത്തിയ പോലീസ് വീടിനകത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ചന്ദ്രമതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കും താടിക്കും വെട്ടേറ്റ ചന്ദ്രമതിയമ്മ ഇന്ന് പുലർച്ചെ മൂന്നിന് മരിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. മകൻ സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് തന്നെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.