ചങ്ങനാശേരി: ഇത്തിത്താനം കുതിരപ്പടിയില്‍ ദുരൂഹസാഹചര്യത്തിലുള്ള വീട്ടമ്മയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. ചങ്ങനാശേരി വാഴപ്പള്ളിയില്‍ താമസിക്കുന്ന ശ്രീതയുടെ മാതാവ് പൊന്നമ്മയും സഹോദരങ്ങളും ശ്രീലതയുമായി ഇടയ്ക്കിടക്ക് ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. പൊന്നമ്മ ശനിയാഴ്ചശ്രീലതയെ പലതവണ ഫോണില്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ പൊന്നമ്മ ഓട്ടോയില്‍ ഇത്തിത്താനം കുതിരപ്പടിയിലുള്ള ശ്രീലതയുടെ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞും വീടിന്റെ വാതിലിന്റെ ഒരുപാളി തുറന്നുകിടക്കുന്നതും കണ്ടു.
വീടിനു പുറത്ത് ലൈറ്റുകളും കത്തിക്കിടന്നിരുന്നു. പുറത്തുനിന്ന് വിളിച്ചിട്ട് വിളികേള്ക്കാതിരുന്നതിനെത്തുടര്ന്ന് ഓട്ടോഡ്രൈവര്‍ മതില്‍ചാടിക്കടന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചു നോക്കിയപ്പോള്‍ രക്തംവാര്‍ന്നൊഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ശ്രീലതയുടെ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊന്നമ്മയും ഓട്ടോഡ്രൈവറും ചേര്‍ന്ന് ചങ്ങനാശേരി പോലീസില്‍ വിവരം അറിയിച്ചു.ഡിവൈഎസ്പി വി. അജിത്ത്, സിഐ ബിനു വര്‍ഗീസ്, എസ്ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഉടന്‍തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തലയുടെ ഉച്ചിയില്‍ മാരകായുധം കൊണേ്ടറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാര്ന്നൊഴുകിയതാണു മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചന നല്‍കുന്നതെന്ന് ഡിവൈഎസ്പി അജിത് പറഞ്ഞു. സ്വര്‍ണ കമ്മലുകളും വളകളും മോതിരവും പാദസരങ്ങളും ശ്രീലതയുടെ മൃതദേഹത്തിലുണ്ടായിരുന്നു. ശ്രീലത പീഡനത്തിനും വിധേയമായിട്ടില്ല എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
ബിഎസ്സി കെമിസ്ട്രി ബിരുദധാരിയായ ശ്രീലത ആന്ധ്രപ്രദേശില്‍ കുറേക്കാലം വിവിധ സ്കൂളുകളില്‍ അധ്യാപികയായി ജോലിചെയ്തിരുന്നു. ഇതിനിടടെ ഇവര്‍ രണ്ട് വിവാഹം കഴിച്ചിരുന്നു. രണ്ടു ബന്ധത്തിലും മക്കളില്ല. ആദ്യഭര്‍ത്താവ് അജിത്തുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയും രണ്ടാം ഭര്‍ത്താവ് നാരായണന്‍കുട്ടി എന്നയാളുമാണെന്നാണു ബന്ധുക്കള്‍ പറയുന്നത്. സമീപവാസികളുമായി കാര്യമായ ബന്ധം പുലര്‍ത്താതിരുന്നതിനാല്‍ ശ്രീലതയെ കാണാതിരുന്നപ്പോള്‍ അന്വേഷിച്ചില്ലെന്ന് അയല്‍ക്കാര്‍ പോലീസിനോടു പറഞ്ഞു. ഏതാനും വര്‍ഷം മുന്‍പാണ് ഇത്തിത്താനത്ത് വീടുവച്ച് താമസം ആരംഭിച്ചത്. ആന്ധ്രയില്‍നിന്നു വരുമ്പോള്‍ മാത്രമാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. രണ്ടുമാസം മുന്‍പ് ഇവര്‍ എത്തിയിട്ട് പിന്നീട് തിരികെപ്പോയിരുന്നില്ല.
ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും ഇന്ന് വീണ്ടും തെളിവെടുപ്പു നടത്തും
ചങ്ങനാശേരി: ഇത്തിത്താനം കുതിരപ്പടിയില്‍ വീട്ടമ്മ തലയ്ക്ക് ക്ഷതമേറ്റ് രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ശ്രീനിലയത്തില്‍ ശ്രീലത(50)യാണ് മരിച്ചത്. തലയുടെ ഉച്ചിയിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഇന്‍ക്വസ്റ്റിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടമ്മ കൊലചെയ്യപ്പെട്ടതാണോയെന്ന സംശയം പോലീസിനുണ്ടായിരിക്കുന്നത്. അതിനാല്‍ ഇന്നു വീണ്ടും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. വീട്ടമ്മയുടെ മൊബൈല്‍ഫോണിലേക്കു വന്ന കോളുകളുടെ വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ശ്രീലതയുടെ രണ്ടാം ഭര്‍ത്താവിനെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം വീട്ടമ്മ കാല്‍തെറ്റി വീണ് തലയ്ക്കുണ്ടായ മുറിവാണോ മരണകാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണെ്ടന്നും വെള്ളിയാഴ്ച ഉച്ചയോടെയാകും ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് കരുതുന്നത്.