ചാത്തന്നൂർ: ഇത്തിക്കര കൊച്ചു പാലത്തിന് സമീപം റോഡരികിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. വവ്വാക്കാവ് കുലശേഖരപുരം കുറുങ്ങപ്പള്ളിയിൽ ഗവ.വെൽഫെയർ എൽപിഎസിന് സമീപം സുൽഫി മൻസിലിൽ വാടകക്ക് താമസിക്കുന്ന സുരേന്ദ്രന്റെയും പുഷ്പകുമാരിയുടേയും മകനായ ഷൈമോൻ (25) നെയാണ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മയക്കുമരുന്നു സംഘങ്ങളാകാം ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികൾ ഉടൻ പിടിയിലാകാനും സാധ്യതയുണ്ട്. സഹോദരീ ഭർത്താവിനൊടൊപ്പം ടൈൽസിന്റെ ജോലിക്ക് പോയ്ക്കൊണ്ടിരുന്ന ഇയാളെ ഞായറാഴ്ച രാത്രി ഏഴോടെ ഒരാൾ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച മാതാവിനോട് അയ്യായിരം രൂപാ ആവശ്യപ്പെട്ട ഇയാൾക്ക് മാതാവും സഹോദരി ദേവുവും 1500 രൂപാ നൽകിയെങ്കിലും 5000 രൂപാ വേണമെന്ന ആവശ്യത്തിൽ ഇയാൾ ഉറച്ചു നിന്നതോടെ സഹോദരിയുടെ കൈയിലുണ്ടായിരുന്ന രണ്ട് പവന്റെ ചെയിൻ ഇയാൾക്ക് നൽകുകയായിരുന്നു.
ഇതുമായാണ് ഇയാൾ വീട്ടിൽ നിന്നും പോയത്.സഹോദരി നൽകിയ ചെയിൻ ഇയാൾ ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. മയക്കുമരുന്ന് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട് . ആ വഴിക്കാണ് കൊലപാതകം സംബന്ധിച്ച അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇത്തിക്കരയിൽ മൃതദേഹം കാണപ്പെട്ടത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചത്.വള്ളികുന്നം സ്വദേശികളായ ഇവർ അവിടെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ ശേഷം ചങ്ങൻകുളങ്ങരയിലാണ് വാടകക്ക് താമസിച്ചിരുന്നത്. രണ്ടു മാസം മുന്പാണ് കൊല്ലപ്പെട്ട ഷൈമോനും കുടുംബവും കുറുങ്ങപ്പള്ളിയിൽ വാടകക്ക് താമസിക്കാനെത്തിയത്.ഇയാളുമായി ചങ്ങാത്ത മുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊട്ടിയം സിഐ.അജയ് നാഥിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.