ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 12.30 തോടെ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിലിലാണ് സംഭവം.
പ്രാപ്പോയിൽ ടൗണിൽ കച്ചവടം നടത്തുന്ന പനംകുന്നിൽ ശ്രീധരനാണ് (65) ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ശ്രീധരൻ ഭാര്യ സുനിതയെ (45) വെട്ടിയ ശേഷം അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബഹളം കേട്ട് സമീപവാസികളും പട്രോളിംഗ് നടത്തുകയായിരുന്ന ചെറുപുഴ പോലീസും സ്ഥലത്തെത്തി പരിക്കേറ്റു കിടന്ന സുനിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീധരന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് നാലിന് പ്രാപ്പോയിൽ ശ്രീവയനാട്ട് കുലവൻ ക്ഷേത്ര ശ്മശാനത്തിൽ സംസ്കരിക്കും.
പുറത്തും കൈക്കും പരിക്കേറ്റ സുനിത പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പറയുന്നു. ശ്രീരാജ്, അർജുൻ എന്നിവർ മക്കളാണ്. സംഭവസമയത്ത് ശ്രീധരനും ഭാര്യ സുനിതയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ.