തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ -ലഹരി സംഘങ്ങളെ പിടികൂടാൻ സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുഡിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ബോൾട്ടിന് തുടക്കം. സിറ്റിയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളേയും ബന്ധിപ്പിച്ചുള്ള പരിശോധനയാണ് നടക്കുന്നത്.
ഇന്നു പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ലഹരി മാഫിയാ സംഘത്തിന്റെ പ്രധാന സ്ഥലമായ കഴക്കുട്ടം പ്രാവച്ചന്പലം ഭാഗങ്ങളിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. പരിശോധനയിൽ ലഹരി വസ്തുക്കളുമായി ചിലർ പിടിയിലായിട്ടുണ്ട്. ഗുണ്ടാ ലിസ്റ്റിൽ പെട്ട ചിലരും പിടിയിലായതായി വിവരമുണ്ട്. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ സിറ്റി പോലീസ് പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ നാലു ദിവസത്തിനിടെ ലഹരി-ഗുണ്ടാമാഫിയ സംഘങ്ങളുമായി ബന്ധപ്പെട്ട് രണ്ടു കൊലപാതകങ്ങളാണ് നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട 13 പേരെ പിടികൂടിയെങ്കിലും അടുത്തിടെ നടന്ന കൊലപാതകങ്ങളിൽ സിറ്റിപോലീസ് ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. കഴിഞ്ഞ നാലുദിവസമായി സിറ്റി പോലീസ് ഉറക്കമൊഴിഞ്ഞ് പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങൾ തുടരുകയാണ്. നഗരത്തിലേക്കു വരികയും തിരിച്ചു പോവുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഇന്നലെ രാത്രി മണ്ണു മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ ലിമിറ്റിലെ കല്ലടിമുഖത്ത് ഒരാൾക്ക് കുത്തേറ്റു. കല്ലടിമുഖം സ്വദേശി പ്രഫുലാലിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രഫുലാൽ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതിയായ കോഴിക്കാലൻ ബിനുവിനെതിരെ ഫോർട്ട് പോലീസ് കേസെടുത്തു.
ഇയാൾ ഒളിവിലാണ്. കരമനയിൽ അനന്തു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ശ്രീവരാഹത്ത് ലഹരിമാഫിയയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്.