മല്ലപ്പള്ളി: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ച വാർത്ത കേട്ടാണ് മുക്കൂർ ഗ്രാമം ഇന്നലെ ഉണർന്നത്. പ്രദേശവാസികള്‍ രാവിലെ ഓടിയെത്തിയപ്പോഴേക്കും ദമ്പതികളുടെ മരണവാര്‍ത്തയാണ് അറിയാനായത്.
കുന്നന്താനം മുക്കൂര്‍ മുണ്ടുകണ്ടത്തില് വട്ടശേരില്‍ വേണുക്കുട്ടന്‍ നായര്‍ (48), ഭാര്യ പാലയ്ക്കാത്തകിടി സ്മിത ഭവനില്‍ ശ്രീജാ ജി. മേനോന് (38) എന്നിവർക്കാണ് ദാമ്പത്യകലഹത്തെത്തുടർന്ന് ദാരുണമായി ജീവൻ വെടിയേണ്ടിവന്നത്.
പ്രവാസിയായിരുന്ന വേണുക്കുട്ടന്‍ നായര്‍ വിവാഹശേഷം ഭാര്യവീട്ടില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യംകൊണ്ട് വീട് പുതുക്കിപ്പണിയുകയും കാറും ഇരുചക്രവാഹനവും സ്ഥലവുമെല്ലാം വാങ്ങുകയും ചെയ്തു.
ഭാര്യവീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങിയപ്പോള്‍ ഭാര്യ ശ്രീജ സ്വന്തം പേരില്‍ ആധാരം ചെയ്തത് ഇരുവരും തമ്മില്‍ ചെറിയ പിണക്കത്തിനിടയാക്കിയിരുന്നതായി പറയുന്നു.
10 മാസം മുമ്പ് വേണുക്കുട്ടന്‍ അവധിക്ക് നാട്ടില്‍ വന്ന് തിരികെ പോകുന്നതിന് തലേന്ന് സ്കൂട്ടറില്‍ നിന്ന് വീണ് കഴുത്തിനും കൈക്കും ഒടിവുണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ആശുപത്രിയിലായിരുന്നു.
ആശുപത്രിയില്‍ വച്ചുതന്നെ ഇരുവരും പിണങ്ങുകയും ശ്രീജ മകളുമായിസ്വന്തം വീട്ടിലേക്കു പോരികയുമായിരുന്നു. ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ വേണുവിനെ സുഹൃത്തുക്കളാണ് തുടർന്ന് ശുശ്രൂഷിച്ചത്.
പിന്നീട് വീണ്ടും ജോലിക്കായി ദുബായിലേക്കു പോയ വേണുക്കുട്ടന്‍ പ്രമേഹം രൂക്ഷമായതിനേ തുടർന്ന് ചികിത്സാർഥം രണ്ടു മാസം മുമ്പ് തിരികെ പോരികയായിരുന്നു. തിരിച്ചു വന്നപ്പോഴും സ്വന്തം വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
മകളെ പിരിയാനാകാതെ വേണുക്കുട്ടൻ നായർ
മകൾ പവിത്രയെ വേണുക്കുട്ടൻ നായർക്ക് ഏറെ ഇഷ്ടമായിരുന്നു. അച്ഛനോടും അമ്മയോടും ഒരേപോലെ മകൾക്കും താത്പര്യമായിരുന്നു. ഇരുവരുടെയും ചോര ഇന്നലെ ചിന്നിച്ചിതറിയപ്പോഴും ആ പതിനൊന്നുകാരി വാവിട്ടു കരഞ്ഞു.
വേണുക്കുട്ടൻ നായർ ഭാര്യയെും മകളെയും കാണാന്‍ അവരുടെ വീട്ടില്‍ ഇടയ്ക്ക് ചെല്ലുമായിരുന്നുവെങ്കിലും അവിടെ താമസിക്കാൻ അനുവദിച്ചിരുന്നില്ല. വേണുവിന്റെ മദ്യപാനം ഉപേക്ഷിക്കാതെ അദ്ദേഹത്തോടൊപ്പമില്ലെന്ന വാശിയായിരുന്നു ശ്രീജയ്ക്കുണ്ടായിരുന്നതെന്ന് പറയുന്നു.
ഇരുവരും വാശിയിലായതോടെ ചെങ്ങരൂര്‍ സെന്റ് തെരേസാസ് സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പവിത്രയെയും തന്നില്‍ നിന്ന് അകറ്റാന്‍ ഭാര്യ ശ്രമിക്കുന്നതായി വേണുവിന് സംശയമുണ്ടായിരുന്നു.
ഇതിനിടയ്ക്ക് ഇരുവരുടെയും വീട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ട് കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്രീജയെക്കുറിച്ച് ഇതോടെ വേണുവിനും സംശയങ്ങളായി. അകൽച്ച രൂക്ഷമാകാൻ ഇതും കാരണമായി.
ഇതിനിടെയിലും മകള്‍ തന്നില്‍നിന്നും അകലാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് സാധനങ്ങളും വാങ്ങി ഭാര്യ വീട്ടിലെത്തി വേണു മകളെ കാണുമായിരുന്നു. ഇന്നലെയും കൈയില്‍ സഞ്ചിയുമായി വന്നപ്പോള്‍ അങ്ങനെ വന്നതാവാമെന്നാണ് ശ്രീജയുടെ മാതാപിതാക്കള്‍ കരുതിയത്.
തുടര്‍ന്നാണ് വാക്കേറ്റമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ഇരുവരുടെയും മരണത്തിനിടയാക്കിയതും. ശ്രീജയെ മാരകമായി പരിക്കേല്പിച്ചശേഷം വേണു സ്വയം കഴുത്തു മുറിച്ചും കുത്തിയും മരിച്ചുവെന്നാണ് നിഗമനം.
ശ്രീജയെ വീട്ടുകാര്‍ ഉടന്‍ തിരുവല്ലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വീടിന് പുറകുവശത്തേക്ക് ഓടിയ വേണുവിനെ പെട്ടെന്ന് ആരും കണ്ടില്ല. പിന്നീട് നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വേണുവിനെ കണ്ടെത്തിയത്.
തുടര്‍ന്ന് ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തികഞ്ഞ സൗമ്യനായിരുന്ന വേണുവിന് എങ്ങനെ ഇത്രയും കൊടുംപാതകം ചെയ്യാന്‍ സാധിച്ചുവെന്ന നടുക്കത്തിലാണ് നാട്ടുകാര്‍.