പത്തനംതിട്ട: യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31,000 രൂപ വീതം പിഴയും. കല്ലൂപ്പാറ കടമാൻകുളത്ത് അഭിലാഷ് (വാവച്ചൻ-36), സഹോദരൻ അശോകൻ (കൊച്ചുമോൻ-32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
സമീപവാസിയായ ബിജു (42) ആണ് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണമടഞ്ഞത്.
കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി പി.പി. പൂജയുടേതാണ് വിധി.
മനഃപൂർവമല്ലാത്ത നരഹത്യക്ക് അഞ്ചു വർഷം, ആയുധം ഉപയോഗിച്ച് പരിക്കേല്പിക്കൽ രണ്ട് വർഷം, കൈകൊണ്ട് മർദനം ഏല്പിക്കൽ ആറു മാസം എന്നിങ്ങനെ മൊത്തം ഏഴര വർഷമാണ് ശിക്ഷവിധിച്ചതെങ്കിലും ഒരുമിച്ച് അഞ്ചു വർഷം തടവ് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസത്തെ തടവ് കൂടി അനുഭവിക്കണം.
2013 ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവം. കടമാൻകുളത്ത് പബ്ലിക് റോഡിൽ മദ്യപിച്ച് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്താൽ കമ്പ്, കമ്പിവടി എന്നിവകൊണ്ട് പ്രതികൾ ബിജുവിന്റെ തലയ്ക്കും മറ്റും അടിച്ച് പരിക്കേല്പിച്ചുവെന്നാണ് കേസ്.
ആദ്യം മനഃപൂർവല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ചികിത്സയിലിരിക്കേ ബിജു മരിച്ചതോടെയാണ് കുറ്റം കൊലപാതകമായി മാറിയത്.
പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജി. സുനിൽ കുമാർ കീഴ്വായ്പൂര് എസ്ഐ ആയിരിക്കേയാണ് കേസ് ചാർജ് ചെയ്തത്. തുടർന്ന് പോലീസ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, ബിനു വർഗീസ് എന്നിവരും അന്വേഷണം നടത്തി.
ബിനു വർഗീസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ രേഖ ആർ. നായർ, സന്ധ്യ ടി. വാസു എന്നിവർ ഹാജരായി.