കോട്ടയം: അമ്മയെയും മകളെയും തലയ്ക്കടിച്ചു കൊലപ്പെടുത്തി ആഭരണം അപഹരിച്ചുവെന്നാരോപിച്ചു മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ഏന്തയാര്‍ പ്ലാപ്പള്ളി മൂത്തശേരിയില് എം.പി. സജിമോനെ (41) കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (അഞ്ച്) ജഡ്ജി മോഹന്‍ കൃഷ്ണന് വെറുതെവിട്ട് ഉത്തരവായി.
കൂട്ടിക്കല്‍ പ്ലാപ്പള്ളി ചിലമ്പിക്കുന്നേല്‍ തങ്കമ്മ (80), മകള്‍ സിനി (40) എന്നിവരെ 2019 മാര്‍ച്ച് 29നു വൈകുന്നേരം ആറിനു വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ചുറ്റിക ഉപയോഗിച്ചു കൊല ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.കൊല്ലപ്പെട്ട സിനിയും സജിമോനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിനിടയാക്കിയതെന്നുമാണ് പോലീസ് കണ്ടെത്തിയത്.
സിനി വിവാഹമോചിതയായിരുന്നു. നാല് ദിവസം അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃത്യം നടന്ന സമയത്ത് പ്രതി അവിടെ ചെന്നിട്ടില്ല എന്നായിരുന്നു പ്രതിഭാഗം വാദം. പ്രോസിക്യൂഷനുവേണ്ടി 64 സാക്ഷികളില്‍ 44 പേരെ വിസ്തരിച്ചു. സാഹചര്യത്തെളിവുകള്‍ പരസ്പരം ബന്ധപ്പെടുത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നാണു കോടതിയുടെ കണ്ടെത്തല്‍.
മൃതദേഹം അഴുകിയതോടെ തെളിവുകള്‍ പൂര്‍ണമാക്കാനായില്ല. മൃതദേഹത്തെ അപമാനിച്ചുവെന്ന ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു. പ്രതിഭാഗത്തുനിന്ന് സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല.കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീകളായതിനാല്‍ പരിചയമുള്ള ആരോ ആയിരിക്കാം കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പോലീസിന്റെ നിഗമനം.
തുടര്‍ന്നാണ് ഈ വീട്ടില്‍ കൃഷിമേല്‍നോട്ടം നടത്തിയിരുന്ന സജിയിലേക്ക് അന്വേഷണം എത്തിച്ചത്. അപഹരിച്ച ആഭരണം പതിനായിരം രൂപയ്ക്കു പ്രതി പണയം വച്ചതായി കണ്ടെങ്കിലും ചുറ്റിക പോലും കണ്ടെത്താനാവാതെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.പ്രതിക്കുവേണ്ടി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ അഭിഭാഷകരായ പ്രിയ ആര്. ചന്ദ്രന്, ജോസഫ് തോമസ് എന്നിവര്‍ ഹാജരായി.