കോട്ടയം: ഭാര്യയുടെ കാമുകനെ രാത്രി വീട്ടില് വിളിച്ചുവരുത്തി അടിച്ചു കൊലപ്പെടുത്തി കഷണങ്ങളാക്കി ചാക്കില്കെട്ടി തള്ളിയ കേസില് വാദം വ്യാഴാഴ്ച പൂര്ത്തിയായി. കോട്ടയം ജില്ലാ അഡീഷണല് സെഷന്സ് കോടതി (രണ്ട്) ജഡ്ജി എ. നാസര് തിങ്കാഴ്ച വിധി പറയും. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില് സന്തോഷ് (34) കൊല്ലപ്പെട്ട കേസില് മുട്ടമ്പലം വെട്ടിമറ്റം എം.ആര്. വിനോദ്കുമാര് (കമ്മല് വിനോദ്-46), ഭാര്യ കുഞ്ഞുമോള് (44) എന്നിവരാണ് പ്രതികള്. 2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം.
അച്ഛനെ കൊന്ന കേസില് ജയിലിലായിരുന്ന വിനോദ് കുമാര് അവിടെവച്ചാണു സന്തോഷിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില് പ്രതിയായിരുന്നു സന്തോഷ്.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സന്തോഷ് വിനോദ്കുമാറിന്റെ ഭാര്യ കുഞ്ഞുമോളുമായി അടുപ്പത്തിലായി. ജയിലില്നിന്ന് മോചിതനായ വിനോദ് ഇക്കാര്യം അറിയുകയും മീനടത്തെ വാടകവീട്ടിലേക്ക് കുഞ്ഞുമോളെക്കൊണ്ട് സന്തോഷിനെ വിളിപ്പിച്ച് ഇരുമ്പു ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന് വാദം.
കൊലയ്ക്കുശേഷം ശിരസും കൈകാലുകളും കത്തികൊണ്ട് മുറിച്ച് രണ്ടു ചാക്കുകളിലാക്കി ഭാര്യക്കൊപ്പം ഓട്ടോറിക്ഷയില് പോയി പലയിടങ്ങളിലായി ഉപേക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിറിള് തോമസ് പാറപ്പുറം, അഡ്വ. ധനേഷ് ബാബു, അഡ്വ. സിദ്ധാര്ഥ് എന്നിവര് ഹാജരായി.