കൊല്ലം: ഐഎന്‍ടിയുസി നേതാവ് നെട്ടയം രാമഭദ്രന് കൊലപാതക കേസുമായി ബന്ധപ്പെട്ട് സിബിഐ ചാര്‍ജ് ചെയ്ത കേസിലെ പ്രതിയും സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എസ്.സുമന് ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ജനുവരി 27ന് സുമന് നല്കിയ ജാമ്യാപേക്ഷയില്‍ പറയുന്ന പ്രധാനകാര്യം തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ഇപ്പോള്‍ കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്‍മാനുമായ എസ്.ജയമോഹന് കേസില്‍ പ്രതിയാക്കാന്‍ ഗൂഡാലോചന നടത്തി എന്നാണ്.
മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഓഫീസറുമായി ജയമോഹന് രഹസ്യധാരണ ഉണ്ടാക്കിയതായും ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്.ഈ കേസിലെ ഒന്നാംപ്രതി ഗിരീഷ്, രണ്ടാം പ്രതിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പത്മന്, ആറാംപ്രതി ബ്രാഞ്ച് സെക്രട്ടറി രാജീവും എന്നിവരും എസ്.ജയമോഹനുമായി ചേര്‍ന്നുള്ള ഗൂഡാലോചനയിലെ പങ്കാളികളാണെന്നുള്ള വിവരവും ജാമ്യാപേക്ഷയില്‍ പരമാര്‍ശിക്കുന്നുണ്ട്.
നവംബര്‍ 28ന് സുമന് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ കത്തിലും ഈ ആരോപണങ്ങള്‍ ഉണ്ട്. ഇമെയില്‍ സന്ദേശമായ അയച്ച കത്തില്‍ സുമന് ഈ കേസില്‍ തന്റെ നിരപരാധിത്വവും വ്യക്തമാക്കുന്നുണ്ട്.സുമന്റെ ജാമ്യാപേക്ഷയും സിബിഐയ്ക്ക് അയച്ച കത്തും ആദ്യം പുറത്തുവിട്ടത് സിപിഎം പ്രവര്‍ത്തകര്‍ തന്നെ. സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
സിപിഎമ്മില്‍ ജില്ലയില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമായി വേണം ഇതിനെ കാണേണ്ടത്. കത്തിന്റെയും ജാമ്യാപേക്ഷയുടെയും കോപ്പി സഹിതം കഴിഞ്ഞ ദിവസം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ പത്രസമ്മേളനം നടത്തിയെങ്കിലും സിപിഎം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.ഈ കേസില്‍ സിബിഐ സിപിഎം ജില്ലാ നേതാക്കളെ അടക്കം പ്രതിയാക്കിയത് കോണ്‍ഗ്രസ്–ബിജെപി ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് എന്നായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ സുമന്റെ കത്തും ജാമ്യാപേക്ഷയിലെ ഉള്ളടക്കവും പുറത്തുവന്നതോടെ എങ്ങനെ പ്രതികരിക്കും എന്നറിയാതെ ജില്ലാ നേതൃത്വം പ്രതിരോധത്തിലാവുകയാണ്.കണ്‍സ്യൂമര്‍ഫെഡില്‍ 75 ലക്ഷം രൂപയുടെ അഴിമതി നടത്തിയ വ്യക്തിയെപ്പോലും ജയമോഹന് സ്വാധീനിച്ച് തനിക്കെതിരേ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യാജമമൊഴി നല്‍കിയതായും സുമന്റെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.സസ്പെന്ഷന് റദ്ദാക്കി സര്‍വീസില്‍ തിരികെ കയറ്റാം എന്ന വാഗ്ദാനം നല്കിയാണത്രേ ഇയാളെക്കൊണ്ട് മൊഴി കൊടുപ്പിച്ചത്. തനിക്കെതിരേ കൊലക്കുറ്റം ഒഴിവാക്കി കിട്ടുന്നതിനാണ് ജയമോഹന് ഈ തന്ത്രം പയറ്റിയതെന്നും ജാമ്യാപേക്ഷയിലുണ്ട്.
ആദ്യം ഈ കേസ് അന്വേഷിച്ചത് ഏരൂര്‍ പോലീസ് ആയിരുന്നു. അന്ന് 16 പ്രതികളാണ് ഉണ്ടായിരുന്നത്. പിന്നീട് െ്രെകംബ്രാഞ്ചിന്റ ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അവരുടെ പ്രതിപ്പട്ടികയിലും 16 പേര് തന്നെയാണ് ഉണ്ടായിരുന്നത്.ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം 2016 ജനുവരി 15നാണ് ഈ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. 2010 ഏപ്രില്‍ പത്തിന് രാത്രിയാണ് ഒരു സംഘം ആള്ക്കാര് രാമഭദ്രന്റെ വീട്ടില്‍ കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്.
സുമന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ കിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിക്കുള്ളില്‍ പടലപിണക്കവും ഗ്രൂപ്പ്പോരും അതിരൂക്ഷമാകുകയാണ്. ജില്ലാതലത്തിലും ഇതിന്റെ അലയൊലികള്‍ ഉയര്‍ന്നുകഴിഞ്ഞു.പൊട്ടിത്തറിയുടെ വക്കിലെത്തി നില്ക്കുന്ന ഈ ആഭ്യന്തര വിഷയം എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ജില്ലാ നേതാക്കള്‍ക്കുപോലും ഒരു വ്യക്തതയില്ല.
കൊലപാതക കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റംഗത്തിനെതിരേ ഏരിയാ സെക്രട്ടറി തന്നെ ഗുരുതരമായ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് പാര്‍ട്ടി ജില്ലാ കമ്മിറ്റിയോഗം ഈ വിഷയം പ്രത്യേകം ചര്‍ച്ചയ്ക്കെടുക്കുമെന്ന് സൂചനയുണ്ട്.പരിഹാരം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന നേതൃത്വവും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ടേക്കാം.ഈ വിഷയവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം വന്ന പത്രവാര്‍ത്തകള്‍ ചിലര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.