ഗൊരഖ്പുർ: ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ വെള്ളിയാഴ്ച രാത്രിയിലാണു സംഭവം.
അൻവറുൾ ഹസൻ എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുന്പോൾ സിദ്ധാർഥനഗർ ജില്ലയിലെ പൊഖാറിലെ വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. ലൈംഗിക ബന്ധത്തിനുള്ള ക്ഷണം ഭാര്യ നിരസിച്ചതിൽ ക്ഷുഭിതനായ അൻവറുൾ, ഇരുപതുകാരിയായ യുവതിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.
ഒരു വർഷം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്തിരുന്ന അൻവറുൾ കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്.
ശനിയാഴ്ച രാവിലെ യുവതി നിലത്തുവീണു കിടക്കുന്നതുകണ്ട് അയൽവാസികളാണു പോലീസിനെ വിവരമറിയിക്കുന്നത്. രക്തത്തിൽ കുളിച്ചുകിടന്ന അൻവറുളിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അൻവറുളിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.