മട്ടന്നൂർ: കണ്ണൂർ നെല്ലൂന്നിയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. പി.ജിതേഷ് (27), പി.സൂരജ് (26) എന്നിവർക്കാണ് വെട്ടേറ്റത്. കൈക്കും കാലുകൾക്കും വെട്ടേറ്റ ഇരുവരെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘമാണ് സൂരജിനെ വെട്ടിയത്. അക്രമികൾ ഓടിക്കയറുന്നത് കണ്ട് ഷാപ്പിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ എത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജിതേഷിനെ നടുറോഡിൽ വെട്ടിയത്.
സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. മട്ടന്നൂർ എസ്ഐ കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങളായി നെല്ലൂന്നി മേഖലയിൽ സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുകയാണ്. ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർക്ക് വെട്ടേൽക്കുകയും ഓഫീസുകളും വാഹനങ്ങളും തകർക്കുകയും ചെയ്തിട്ടുണ്ട്.