പയ്യന്നൂര്‍: പെരുമ്പയില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ബസ് ഡ്രൈവറുടെ ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമുള്ള മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന. വാഹനാപകടത്തില്‍ പറ്റാന്‍ സാധ്യതയില്ലാത്തവിധം ശിരസിലേറ്റ ആഴത്തിലുള്ള നാല് മുറിവുകളും സംഭവത്തിനു ശേഷം ഡ്രൈവറുടെ മൊബൈലിലേക്ക് വന്ന അജ്ഞാത ഫോണ്‍കോളും സംഭവ സ്ഥലത്തുനിന്നും ലഭിച്ച നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും വിരല്‍ ചൂണ്ടുന്നതും ക്വട്ടേഷൻ സംഘത്തിലേക്കാണ്.
സുഹൃത്തുക്കളെ കാണാനിറങ്ങി; തേടിയെത്തിയത് മരണം
13 വര്‍ഷമായി സ്വകാര്യ ബസിലെ ഡ്രൈവറായി ജോലി ചെയ്യുന്ന കരിവെള്ളൂര്‍ പാലത്തറ പടിഞ്ഞാറ് കോളനിയിലെ തക്കന് ഹൗസില്‍ ബൈജു(38)വിനെയാണ് ഈ മാസം 17ന് രാത്രി 9.45 ഓടെ പെരുമ്പയിലെ കൈരളി ഹോട്ടലിന് സമീപം രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയത്. ഭാര്യ ചികിത്സയിലായിരുന്നതിനാല്‍ രണ്ടുദിവസം ബൈജു ജോലിക്ക് പോയിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്ന ഭാര്യ രേഷ്മയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലാക്കിയ ശേഷം ബൈജു സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ ബൈജു അപകടത്തിൽപ്പെട്ടതായാണ് വീട്ടുകാർ അറിഞ്ഞത്.
അപകടത്തിൽപ്പെട്ട ബൈജുവിന്റെ തലയിൽ ആഴത്തിലുള്ള മുറിവുകളേറ്റ് തലച്ചോര്‍ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.സമീപത്ത് തന്നെ ബൈക്ക് വീണ് കിടക്കുന്നുണ്ടായിരുന്നു.മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതോ അപകടത്തില്‍ പെടുന്നതോ കണ്ടവരാരുമില്ലായിരുന്നു.
ഏറെ സമയത്തിന് ശേഷവും ആരും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാതിരുന്നപ്പോഴാണ് അതുവഴി വന്ന മുന്‍ ആംബുലന്‍സ് ഡ്രൈവറും ഇപ്പോള്‍ ഓട്ടോ ഡ്രൈവറുമായ മാത്തില്‍ സ്വദേശിയ സരിന് ഇയാളെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്.തലയിലേറ്റ പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഇയാളെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 24ന് ഉച്ചയോടെ മരണം സംഭവിക്കുന്നതുവരെ ഇയാള്‍ അബോധാവസ്ഥയിലുമായിരുന്നു.
തലയിൽ കണ്ടെത്തിയത് ആഴത്തിലുള്ള മുറിവുകൾ
തലയിലേറ്റ മുറിവ് അപകടം മൂലമല്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നതായി ബൈജുവിന്റെ അമ്മാവന് നാരായണന് പറയുന്നു.നെറ്റി മുതല്‍ പിന്ഭാഗത്തെത്തുന്ന വിധത്തില്‍ 24 സെന്റിമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള മുറിവിന് പുറമെ 18, 8, 4 സെന്റിമിറ്റര്‍ നീളത്തിലുള്ള പ്രധാനപ്പെട്ട നാല് ഗുരുതരമായ മുറിവുകളാണ് ബൈജുവിന്റ ശിരസിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായിരുന്നത്. കൂടാതെ മുന്‍ഭാഗത്തെ മൂന്നു പല്ലുകളും നഷ്ടപ്പെട്ടിരുന്നു.ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് ഷര്‍ട്ടിന്റെ ഇടതു പിന്‍ഭാഗത്ത് 40 സെന്റി മീറ്ററോളം വലിച്ചു കീറിയ നിലയിലായിരുന്നു. വലതു കാലിന്റെ മുട്ടിന് ഉരഞ്ഞ് പോറലേറ്റിരുന്നു.
ബൈജുവിന്റെ ഫോണിലേക്ക് വന്ന ഭീഷണി കോൾ ആരുടെ ?
സംഭവത്തിന് ശേഷം മൂന്നാം ദിവസം ചികിത്സയില്‍ കഴിയുന്ന ബൈജുവിന്റെ ഫോണിലേക്ക് പയ്യന്നൂര്‍ കോഡിലുള്ള ലാൻഡ് ഫോണില്‍ നിന്നും വന്ന ഫോണ്‍വിളിയില്‍ നിനക്ക് കിട്ടിയത് പോരേ എന്ന ചോദ്യമായിരുന്നെന്നും നമ്പര്‍ ലോക്കുള്ള ഫോണായിരുന്നതിനാല്‍ പിന്നീട് ഫോണ്‍ ഓണാക്കാന്‍ പറ്റിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ബൈജു ഒരു ഡിഗ്രി വിദ്യാര്‍ഥിനിയുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു.
ഈ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ ബിരുദ വിദ്യാര്‍ഥിനി പലവട്ടം ആത്മഹത്യാശ്രമം നടത്തിയിരുന്നുവത്രെ. ബൈജുവുമായുള്ള ബന്ധത്തെ അംഗീകരിക്കാന്‍ തയാറാവാതിരുന്ന വിദ്യാർഥിനിയുടെ ബന്ധുക്കള്‍ ഏഴ് മാസം മുമ്പ് ബൈജുവിനെ മൃഗീയമായി മര്‍ദിച്ചിരുന്നുവെന്നും പിന്നീട് പോലീസ് ഇടപെട്ട് മധ്യസ്ഥ ശ്രമത്തിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തുകയായിരുന്നു. തുടർന്നും വിദ്യാർഥിനിയുമായി ബൈജു ബന്ധം തുടർന്നിരുന്നു. ഇതിനാലാണ് ബൈജുവിന്റെ മരണത്തിന് പിന്നില്‍ കൊലപാതക ശ്രമമാണെന്ന് സംശയിക്കുന്നതായി കാണിച്ച് ബൈജുവിന്റെ ഭാര്യയും അമ്മയും പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
സിസി ടിവി ദൃശ്യങ്ങൾ നിർണായകം
പരിക്കേറ്റ ബൈജുവിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് സംഭവ സ്ഥലത്തുനിന്നും നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചു.റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ ബൈക്കില്‍ വരുന്നതിനിടയില്‍ ബൈജു മറിഞ്ഞ് വീഴുന്നതായുള്ള ദൃശ്യങ്ങളാണ് ലഭിച്ചതെങ്കിലും ബൈജുവിന്റെ ബൈക്ക് വേറെയേതെങ്കിലും വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ മറ്റപകടങ്ങള്‍ ഉണ്ടാക്കുന്നതിന്റെയോ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറകളില്‍ നിന്ന് ലഭിച്ചുമില്ല. അതേ സമയം രണ്ടു കാറുകള്‍ പോകുന്ന രംഗം ദൃശ്യങ്ങളില്‍ നിന്നും പോലീസിന് കിട്ടിയിരുന്നു.
സംഭവസ്ഥലത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ ബൈക്കില്‍ നിലത്തു വീണുരഞ്ഞ അടയാളങ്ങള്‍ ഉണ്ടെങ്കിലും അപകടത്തെ തുടര്‍ന്നുള്ള ഇടിയുടെ ആഘാതത്താലുള്ള അടയാളങ്ങള്‍ കണ്ടെത്താനും കഴിഞ്ഞില്ല. ബൈജുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജനും ചികിത്സിച്ച ഡോക്ടര്‍മാരുമടങ്ങുന്ന സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ച് ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
ബൈജുവിന്റെ ശിരസിലേറ്റ 24 സെന്റി മീറ്റര്‍ നീളത്തില്‍ വരെയുള്ള ഗുരുതരമായ മുറിവും സംഭവ സമയത്ത് അപകടം സംഭവിച്ചതായി ആരും കാണാതിരുന്നതും ശബ്ദം കേള്ക്കാതിരുന്നതും നിരീക്ഷണ കാമറകളില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളും ഫോണ്‍കോളും വിരല്‍ ചൂണ്ടിയത് സംഭവത്തിന് പിന്നിലെ ദുരൂഹതകളിലേക്കാണ്. അ തിനാലാണ് പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ കൂടുതല്‍ വിശകലനത്തിനും സൂക്ഷ്മമായ ശാസ്ത്രീയ പരിശോധനക്കും വിധേയമാക്കുന്നത്. ബൈജുവിന്റെ ഫോണില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.