ആര്യനാട്: ആര്യനാട്ട് യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഒളിവിൽ പോയ മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. തിരുമല ലക്ഷ്മി ഭവനിൽ സുരേഷ് (55) ആണ് അറസ്റ്റിലായത്. ഇയാളുമായി പോലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.
ഇയാളുടെ ഉടമസ്ഥതയിലുള്ള ടൂവീലർ വർക്ഷോപ്പിൽ വച്ചാണ് പള്ളിവേട്ട തടത്തരികത്ത് വീട്ടിൽ ജയകൃഷ്ണൻ (35) നെ വെട്ടി കൊലപ്പെടുത്തിയത്. സുരേഷിന്റെ സുഹൃത്തും മുഖ്യപ്രതിയുമായ പള്ളിവേട്ട സ്വദേശി ഷിബു ഒളിവിലാണ് ഇയാൾക്ക് വേണ്ടി പോലീസ് സംഘം അന്വേഷണം ഉൗർജിതമാക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ജയകൃഷ്ണൻ വെട്ടേറ്റ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘട്ടന്തതിൽ സുരേഷും പങ്കാളിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പള്ളിവേട്ട സ്വദേശി അജിഷ് സോമന്റെ നില ഗുരുതരമായി തുടരുകയാണ്.