സുല്‍ത്താന്‍ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതിയാണു(56) സുഹൃത്ത് തൊടുവെട്ടി പുത്തക്കാടന്‍ ബീരാനെ(58)വെട്ടിക്കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.
പഴേരി തോട്ടക്കരയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെയാണ് ബീരാന് ചന്ദ്രമതിയുടെ വീട്ടിലെത്തിയത്.
ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞയച്ചു. ദേവകി തിരികെയെത്തിയപ്പോഴാണ് വീടിനുപിന്നില്‍ ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരം അറിയിച്ചതനുസരിച്ച് സഹോദരന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ കട്ടിലില്‍ കഴുത്തിനു വെട്ടേറ്റു മരിച്ചനിലയില്‍ ബീരാനെ കണ്ടത്.
ചന്ദ്രമതിയും ബീരാനും വര്‍ഷങ്ങളായി സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമാണ്. അടുത്തിടെ ഇരുവരും ചേര്‍ന്ന് ഗുഡ്സ് ഓട്ടോ വാങ്ങിയിരുന്നു.
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം.
ഭര്‍ത്താവ് കുട്ടപ്പന് 20 വര്‍ഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയതാണ്. ഈ ബന്ധത്തിലുള്ള രണ്ട് ആണ്മക്കള് വേറെയാണു താമസം.
ബീരാന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷരീഫ്, ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.