ചിങ്ങവനം: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കുറിച്ചി സചിവോത്തമപുരം പുലിപ്പറ റെജിയുടെ ഭാര്യ ഷൈനി(48)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്കു ഒന്നിനു വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം പരിശോധനക്കു ശേഷമേ ആത്മഹത്യയാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ളതാണോ എന്നു പറയാനാവു എന്നാണ് പോലീസ് പറയുന്നത്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന ഇളയ കുട്ടിക്ക് വേണ്ടി സാധനങ്ങൾ വാങ്ങാൻ സഹോദരനുമൊത്ത് ടൗണിലേക്ക് പോയ റെജി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്.
വീട്ടിൽ നിന്ന് അസാധാരണമായ വിധം പുക ഉയർന്നതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. മേശ, അലമാര തുടങ്ങിയവയും കത്തി ചാന്പലായി. ഭർത്താവ് റെജിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു.
സയന്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.