പാറ്റ്ന: വാർഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം ബിഹാറിലെ ജുവനൈൽ ഹോമിൽനിന്ന് അഞ്ച് പേർ രക്ഷപ്പെട്ടു. ബിഹാറിലെ പൂർണിയ നഗരത്തിലെ ജുവനൈൽ ഹോമിലാണ് സംഭവം.
ജെഡിയു നേതാവിന്റെ മകൻ ഉൾപ്പെടെ അഞ്ച് പേരാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വാർഡൻ നടത്തിയ പരിശോധനയിൽ കുട്ടികൾ കഫ് സിറപ്പ് ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഈ അഞ്ചുപേരെയും മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ജുവനൈൽ ജസ്റ്റീസ് ബോർഡിനോട് ശിപാർശ ചെയ്യുകയും ബുധനാഴ്ച ബോർഡ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
വാർഡനെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി സെല്ല് തുറപ്പിക്കുകയും പിന്നീട് വെടിവച്ച് കൊല്ലുകയുമായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ടവരെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കുട്ടികൾക്ക് എങ്ങനെ തോക്ക് കിട്ടിയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.