ഹൈദരാബാദ്: തെലുങ്കാനയിലെ ദുരഭിമാനക്കൊലയ്ക്കു കാരണം ഗർഭഛിദ്രം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നെന്ന് കൊല്ലപ്പെട്ട പ്രണയ്കുമാറിന്റെ ഭാര്യ അമൃതവർഷിണി. ഗർഭിണിയായ അമൃതവർഷിണിയോട് കുഞ്ഞിനെ ഇല്ലാതാക്കാനും കാര്യങ്ങൾ ശാന്തമാകും വരെ കാത്തിരിക്കാനും അച്ഛൻ മാരുതി റാവു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അമൃതവർഷിണി അംഗീകരിച്ചില്ല. തുടർന്നാണ് കൊലപാതകം നടന്നതെന്ന് അമൃതവർഷിണി പറഞ്ഞു.
പ്രണയ്കുമാറിന്റെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുമെന്നും സ്വന്തം വീട്ടിലേക്കു പോകില്ലെന്നും അമൃതവർഷിണി വ്യക്തമാക്കി. വൈശ്യ വിഭാഗക്കാരിയായ അമൃതവർഷിണി ദളിത് ക്രൈസ്തവനെ വിവാഹം കഴിക്കുന്നതിൽ മാരുതി റാവുവിന് കടുത്ത എതിർപ്പായിരുന്നു. ഉന്നത സ്വാധീനവും പിടിപാടുമുള്ള മാരുതിറാവു റിയൽ എസ്റ്റേറ്റ് ഇടപാടുകാരനാണ്. ഇയാൾ ഈയിടെ ടിആർഎസിൽ ചേർന്നിരുന്നു.
സ്കൂൾ പഠനകാലം മുതൽ അടുപ്പത്തിലായിരുന്ന പ്രണയും അമൃതവർഷിണിയും ജനുവരിയിലാണു വിവാഹിതരായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പേരെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു കോടി രൂപ പ്രതിഫലം ഉറപ്പിച്ചാണു സംഘം ക്വട്ടേഷൻ ഏറ്റെടുത്തതെന്നു നൽഗോണ്ട ജില്ലാ പോലീസ് ചീഫ് എം.വി. രംഗനാഥ് പറഞ്ഞു. 18 ലക്ഷം രൂപ മുൻകൂറായി നല്കിയിരുന്നു.
ഹരേൺ പാണ്ഡ്യ വധിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തരാക്കിയ അസ്ഹർ അലി, അബ്ദുൾ ബാരി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർ നൽഗോണ്ട സ്വദേശികളാണ്. ഹരേൺ പാണ്ഡ്യ വധക്കേസിൽ കീഴ്ക്കോടതി ഇരുവരെയും ശിക്ഷിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഇവരെ വെറുതേ വിട്ടിരുന്നു.