കുറവിലങ്ങാട്: വാക്കേറ്റത്തെത്തുടർന്നു യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുറവിലങ്ങാട് ഇഞ്ചിക്കുടിലിൽ ദേവന്റെ മകൻ ദീബു (37)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ദേവനെ (67) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ദീബു ഇന്നലെയും മദ്യപിച്ചെത്തിയശേഷം വീടിന്റെ തിണ്ണയിലിരുന്ന ദേവനെ മർദ്ദിക്കുകയായിരുന്നുവെന്നും ഇതെതുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ദേവൻ ദീബുവിനെ കറിക്കത്തിക്കൊണ്ട് കുത്തുകയായിരുന്നുവെന്നും പോലീ സ് പറഞ്ഞു.
ഇതിനിടയിൽ ഇവർ തമ്മിൽ മൽപ്പിടുത്തവും നടന്നു. വീണ്ടും ദീബുവിനെ കുത്തിയശേഷം ദേവൻ വീട്ടിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു. വീടിന്റെ തിണ്ണയിൽ രക്തത്തിൽ കുളിച്ചുകിടന്ന ദീബുവിനെ വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുറവിലങ്ങാട് എസ്ഐ കെ.എസ് ജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി വീടിന്റെ സമീപത്തെ റബർതോട്ടത്തിൽ നടത്തിയ തെരച്ചിലിൽ ദേവനെ കണ്ടെത്തുകയായിരുന്നു. തടിലോഡിംഗ് തൊഴിലാളിയായിരുന്നു ദേവൻ. ദേവനും മകനുമായി വാക്കേറ്റമുണ്ടായതായി കുടുംബാംഗങ്ങളും പോലീസിന് മൊഴിനൽകി.
ദീബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. തൊടുപുഴ മുതലക്കോടം പുത്തൻപുരയ്ക്കൽ കുടുംബാംഗം തങ്കമ്മയാണ് ദീബുവിന്റെ മാതാവ്. സഹോദരങ്ങൾ ദീപ,സിനി. സംഭവസമയം ഇവരും വീട്ടിലുണ്ടായിരുന്നു. കടുത്തുരുത്തി സിഐ കെ.പി ടോംസണ്, കുറവിലങ്ങാട് എസ്ഐ കെ.എസ് ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
നിവൃത്തിയില്ലാതായിട്ടെന്ന് പിതാവ്
കുറവിലങ്ങാട്: നിവൃത്തിയില്ലാതായിട്ടാ, ഞാനൊരു രോഗിയുമാ കുടുംബവഴക്കിനെ തുടർന്ന് മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവിന്റെ വാക്കുകളാണിവ. സംഭവത്തെതുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച കുറവിലങ്ങാട് ഇഞ്ചിക്കുടിൽ ദേവൻ മകന്റെ മദ്യപാനത്തെതുടർന്നുണ്ടായ നരകയാതനയിൽ ചെയ്ത അരുംകൊലയെ കുറിച്ച് പ്രതികരിച്ചതിങ്ങനെയായിരുന്നു.
എല്ലാ ദിവസവും അവൻ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കും. ഇന്നലേയും അതുപോലെതന്നെയായിരുന്നു. ഞാൻ കഞ്ഞികുടിച്ചശേഷം വീടിന്റെ തിണ്ണയിലിരിക്കുതായിരുന്നു. ഗുളിക കഴിച്ചിരിക്കുന്പോഴാണ് അവന്റെ വരവ്. വന്നവഴിയേ എന്റെ താടിക്കിട്ട് തട്ടിയശേഷം ചീത്തവിളിച്ചു. തൊട്ടുപിന്നാലെ പിടലിയ്ക്കിട്ട് അടിക്കുകയും ചെയ്തു.
എന്റെ പിടലിയ്ക്കിട്ട് അടിയ്ക്കുമോ എന്ന് ഞാൻ ചോദിച്ചു. ഇനിയും അടിച്ചാൽ ഞാൻ നിന്നെ കുത്തുമെന്ന് ഞാൻ പറഞ്ഞു. വീണ്ടും എന്റെ മർദ്ദിക്കാൻ തുടങ്ങുന്നതിനിടയിൽ ഞാൻ കറിക്കത്തിയെടുത്ത് ഒരു കുത്തുകൊടുത്തു. ഇതിനിടയിൽ അവൻ എന്റെ ഷർട്ടിൽ പിടിച്ചു. ഇത് വിടുവിയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു തവണകൂടി അവനെ കുത്തി. അപ്പോഴേക്കും അവൻ ഭിത്തിയിലേക്ക് ചാരിനിൽക്കുന്നത് കണ്ടു. പിന്നിടുണ്ടായതൊന്നും എനിക്കറിയില്ല. ഞാൻ സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുകയായിരുന്നു വാക്കുകൾക്കിടയിൽ ദേവന്റെ കണ്ണുകളുടെ ഭാവം മാറിമറയുന്നതുകാണാമായിരുന്നു.