12-ാം ക്ലാസുകാരനെ പൂർവ വിദ്യാർത്ഥി അതിക്രൂരമായി മർദിച്ചു. പിന്നാലെ കുട്ടിയുടെ വിരൽ അറുത്തുമാറ്റി.
കൂടെ പഠിക്കുന്ന പെൺകുട്ടിയോട് സംസാരിച്ചതിനാണ് പൂർവ വിദ്യാർഥിയുടെ ക്രൂരത. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം.
സംഭവത്തൽ പരിക്കേറ്റ വിദ്യാർഥി ആരോടും ഇതിനെ കുറിച്ച് പറഞ്ഞില്ല. ചെയിൻ നന്നാക്കുന്നതിനിടെ സൈക്കിളിന്റെ വീലിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടെന്നാണ് മാതാപിതാക്കളോടും മറ്റുള്ളവരോടും കുട്ടി പറഞ്ഞത്.
എന്നാൽ പിറ്റേ ദിവസം കുട്ടി മാതാപിതാക്കളോട് നടന്ന കാര്യം പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
പ്രതിയായ പൂർവ വിദ്യാർഥി സ്കൂളിന് പുറത്തെത്തുകയും 12-ാം ക്ലാസുകാരനെ സൗഹൃദം നടിച്ച് ഒരു പാർക്കിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഇരുവരും നേരത്തെ പരിചയമുള്ളതിനാൽ വിദ്യാർഥിക്ക് സംശയമൊന്നും തോന്നിയില്ല.
പാർക്കിൽ വെച്ച് ട്യൂഷൻ സെന്ററിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.
കല്ലുകൊണ്ട് കുട്ടിയെ അതി ക്രൂരമായി മർദിച്ചു. പിന്നാലെ വിരൽ മുറിച്ചു മാറ്റിയതായി കുട്ടി മൊഴി നൽകി.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൊഴി എടുത്ത് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.