അഡോൾഫ് ഹിറ്റ്ലറിനു ശേഷം ജർമനി കണ്ട ഏറ്റവും ക്രൂരനായ കൂട്ടക്കൊലയാളി- നീൽസ് ഹോഗൽ. രോഗങ്ങളാൽ വലയുന്നവർക്ക് ആവശ്യമായ പരിചരണം നൽകി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരേണ്ട ഒരു നഴ്സായിരുന്നു നീൽസ്. എന്നാൽ തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അപകടകരമായ അളവിൽ മരുന്നു നൽകി അവരെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു ഇയാൾ ചെയ്തത്.
ഇങ്ങനെ ഇയാൾ ക്രൂരമായി കൊന്നുതള്ളിയത് ഒന്നും രണ്ടും പേരെയല്ല-100 പേരെയാണ്.ആറു രോഗികളെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഇയാൾ താൻ 100 പേരെ കൊന്നിട്ടുണ്ടെന്ന സത്യം വെളിപ്പെടുത്തിയത്.
മാലാഖ കുപ്പായത്തിനുള്ളിലെ ചെകുത്താൻ
1976 ഡിസംബർ 30ന് ജർമനിയിലെ വിൽഹെംഷാവെൻ എന്ന സ്ഥലത്തായിരുന്നു നീൽസ് ഹോഗലിന്റെ ജനനം.1999ലാണ് നോർത്ത് ജർമനിയിലെ ഓൾഡെൻബർഗ് എന്ന സ്ഥലത്തുള്ള ഒരു ആശുപത്രിയിൽ നീൽസ് ഹോഗൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നത്.
ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്പോൾത്തന്നെ അടുത്തുള്ള ക്ലിനിക്കുകളിലും ഇയാൾ ജോലിക്കു പോയിരുന്നു. 2005ൽ നീൽസിനൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു നഴ്സാണ് ഇയാൾ ഒരു രോഗിക്ക് മരണ അളവിലുള്ള മരുന്നു കുത്തിവയ്ക്കുന്നതു കണ്ടു എന്ന വിവരം അധികൃതരെ അറിയിച്ചത്. 2008 ൽ ഈ കേസിൽ നീൽസിന് ഏഴു വർഷം തടവുശിക്ഷ വിധിച്ചു.
ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ നീൽസ് ജോലി ചെയ്തിരുന്ന ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ പരിചരണത്തിലായിരുന്ന നിരവധി രോഗികൾ പെട്ടെന്ന് മരിച്ചതായി കണ്ടെത്തി. ഇതിനെക്കുറിച്ചുള്ള അന്വേഷണമാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ച കൂട്ടക്കൊലപാതക കഥ വെളിച്ചത്തുകൊണ്ടുവന്നത്.
കുറഞ്ഞത് 130 രോഗികളെങ്കിലും നീൽസിന്റെ കൈകളാൽ വധിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം കൊലപാതകമാണെന്ന് മനസിലാകാതെ മിക്കവരുടെയും ശരീരം ദഹിപ്പിച്ചിട്ടുള്ളതിനാൽ നീൽസിനെതിരേ തെളിവു കണ്ടെത്താൻ ബുദ്ധിമുട്ടാകും.
ബോറടിക്കുന്പോഴെല്ലാം കൊലപാതകം
നീൽസ് ഹോഗൽ എന്തിനാണ് ഇത്രയധികം കൊലപാതകങ്ങൾ നടത്തിയതെന്നതിന് അയാൾക്കു പോലും കൃത്യമായ ഉത്തരമില്ല. പലപ്പോഴും ബോറടിക്കുന്പോഴാണ് ഇയാൾ രോഗികൾക്ക് അമിത അളവിൽ മരുന്നു കുത്തിവച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇങ്ങനെ മരുന്നു കുത്തിവച്ചുകഴിയുന്പോൾ ജീവനുവേണ്ടി പിടയുന്ന രോഗികളെ പരിചരിക്കാൻ ഒരു പ്രത്യേക ത്രില്ലായിരുന്നെന്നാണ് ഈ മനഃസാക്ഷിയില്ലാത്ത മുൻ നഴ്സ് പറയുന്നത്.
തന്റെ മുന്നിലെത്തുന്ന രോഗികളുടെ പ്രായമോ ലിംഗമോ ഒന്നും ഇയാൾക്ക് പ്രശ്നമായിരുന്നില്ല. തന്റെ അഞ്ചു വർഷത്തെ നഴ്സ് ജീവിതത്തിനിടെ ഒരിക്കൽപ്പോലും ആശുപത്രി അധികൃതർ ഇയാളെ സംശയിക്കാതിരുന്നത് ഒരു പ്രോത്സാഹനമായി നീൽസ് കരുതി.
2005 മുതൽ ജയിലിൽ
2005ൽ ആദ്യമായി പിടിക്കപ്പെട്ടതിനുശേഷം ജയിലിനുള്ളിൽത്തന്നെയാണ് നീൽസിന്റെ ജീവിതം. ഒരു കേസിന്റെ വിചാരണ തീരും മുന്പേ ഇയാളുടെ മറ്റൊരു കേസിന് തെളിവുമായി പോലീസ് എത്തും. 2000ത്തിനും 2005നും ഇടയ്ക്ക് ഡെൽമെൻഹോർസ്റ്റിലുള്ള ഒരു ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനിടെ 36 രോഗികളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ഇപ്പോൾ വിചാരണ ചെയ്യപ്പെടുന്നത്. ഇതിന്റെ വിചാരണയുടെ ആദ്യ ദിനമാണ് താൻ 100പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവാണ് നീൽസ് എന്ന കൊലപാതകിക്ക് വളംവച്ചുനൽകിയതെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. കൊലപാതകി അമിതമായ അളവിൽ മരുന്നു കുത്തിവച്ചതുകൊണ്ട് കാർഡിയാക് അറസ്റ്റ് വന്നാണ് രോഗികളെല്ലാം മരിച്ചത്.
ആശുപത്രികളിൽ കാർഡിയാക് അറസ്റ്റ് വന്ന് മരിക്കുന്ന രോഗികളുടെ എണ്ണം കൂടിയിട്ടും എന്തുകൊണ്ടാണ് ആശുപത്രി അധികൃതർ ഇതിനെക്കുറിച്ച് യാതൊരുവിധ അന്വേഷണവും നടത്താതിരുന്നതെന്ന്് മരിച്ച രോഗികളുടെ ബന്ധുക്കൾ ചോദിക്കുന്നു. ആരുടെയും കണ്ണിൽപ്പെടാതെ നാലു വർഷത്തോളം ഇയാൾ ഈ കൊലപാതക പരന്പര എങ്ങനെ നടത്തി എന്നതും ഒരു ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.